KERALA

സീ ഫൈവിനെതിരെ എസ്എഫ്ഐ; അമിത ചാർജിനെതിരെ പൊതു പ്രദർശനം ഒരുക്കി പ്രതിഷേധം

സീ ഫൈവിൻ്റെ നീക്കം കൊള്ള ലാഭത്തിനുവേണ്ടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പൊതുസ്ഥലത്ത് ഫിഫ വേൾഡ് കപ്പ് മത്സരങ്ങളുടെ പ്രദർശനം നിരോധിച്ച സീ ഫൈവിൻ്റെ നടപടിക്കെതിരെ എസ്എഫ്ഐ. സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ലോകകപ്പ് മത്സരം പ്രദർശിപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം.

പൊതുസ്ഥലത്തെ പ്രദർശനത്തിന് പണമടച്ച് ലൈസൻസ് എടുക്കണമെന്നായിരുന്നു സീ ഫൈവ് നിലപാട്. നടപടി കൊള്ള ലാഭത്തിനുവേണ്ടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് വിമർശിച്ചു.

പി.എസ്. സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫുട്ബോൾ ലോകകപ്പ് കേരളത്തിൻ്റെ തെരുവോരങ്ങളെ ആവേശത്തിലാഴ്ത്തുന്നതിൻ്റെ പ്രധാന കാരണമെന്നത് പൊതു ഇടങ്ങളിലെ പ്രദർശനങ്ങളാണ്. വീട്ടുമുറികളിൽ നിന്ന് പൊതുയിടങ്ങളിലേക്ക് കാൽപ്പന്തിന്റെ മാന്ത്രികത കൂട്ടമായിരുന്നു കാണുമ്പോഴാണ് ലോകകപ്പിന്റെ ആവേശം പ്രകടമാകുന്നത്. എന്നാൽ ഇത്തരം ആഹ്ലാദനിമിഷങ്ങളെ ഇല്ലാതാക്കാനും അതിലൂടെ കൊള്ളലാഭം നേടാനുമാണ് ഇന്ത്യയിൽ ലോകകപ്പിൻ്റെ ഔദ്യോഗിക വിതരണാവകാശമുള്ള മാധ്യമ കമ്പനിയായ Zee5 ശ്രമിക്കുന്നത്. പൊതുയിടങ്ങളിലെ പ്രദർശനത്തിനായി ലൈസൻസ് നിർബന്ധമാക്കുന്നതിലൂടെ ഭീമമായ തുകയാണ് കമ്പനി ആവശ്യപ്പെടുന്നത്.

കേരളത്തിലെ പ്രാദേശിക വായനശാലകൾ മുതൽ വിവിധങ്ങളായ കൂട്ടായ്മകൾ നടത്തുന്ന ലോകകപ്പ് പ്രദർശനങ്ങൾ ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. കൊള്ളലാഭത്തിനുവേണ്ടി Zee5 കൈകൊണ്ട ഈ തീരുമാനം തീർത്തും പ്രതിഷേധാർഹമാണ്. ആയതിനാൽ മുഴുവൻ യൂണിറ്റുകളിലും എസ്എഫ്ഐ ലോകകപ്പ് പ്രദർശനം സംഘടിപ്പിക്കും എന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

SCROLL FOR NEXT