KERALA

ഭീഷണിയും വെല്ലുവിളിയും പൊലീസ് ചട്ടലംഘനം; കന്റോൺമെന്റ് സിഐക്കും എസ്ഐക്കും കാരണം കാണിക്കൽ നോട്ടീസ്

നാല് ദിവസത്തിനകം മറുപടി നൽകണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് സിഐ സതീഷ് കുമാറിനും എസ്ഐ ജി. ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ്. നാല് ദിവസത്തിനകം മറുപടി നൽകണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷങ്ങൾക്കു പിന്നാലെ ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ നടപടികളും പ്രകോപനപരമായ ഇടപെടലുകളുമാണ് നടപടിക്ക് കാരണം.

കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ എസ്ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ച് സിഐ സതീഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഇരുവരുടെയും നടപടികൾ പൊലീസ് സേനയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

അതേസമയം, തലസ്ഥാനത്തെ സംഘർഷങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ അവധിയിൽ പ്രവേശിച്ച കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനെ ആഭ്യന്തരവകുപ്പ് തിരിച്ചുവിളിച്ചു. എസ്എച്ച്ഒ അവധിയിൽ പോയതും എസ്ഐ ജി. ഗോകുലിനെ പരിശീലനത്തിന് അയച്ചതും സംബന്ധിച്ച് കോൺഗ്രസ് സൈബർ വിഭാഗത്തിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടൽ.

എസ്എച്ച്ഒയെയും എസ്ഐയെയും പത്ത് ദിവസത്തിനകം മാറ്റണമെന്ന ആവശ്യം എസ്എഫ്ഐയും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാൽ, ഇരുവർക്കുമെതിരെ ഉടൻ സ്ഥലംമാറ്റ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്. പെട്ടെന്നുള്ള നടപടി പൊലീസ് സേനയ്ക്കുള്ളിൽ അമർഷത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഹോസ്റ്റലിലെ സംഘർഷവും സി.ഐയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റും ഉൾപ്പെടെ വിഷയങ്ങളിൽ ഇരുവരെയും സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഐയും എസ്ഐയും അവധിയിലേക്ക് പോയത്.

SCROLL FOR NEXT