ഷാഫി പറമ്പിൽ 
KERALA

പാലക്കാട് ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും 1000 രൂപ പിഴയും

നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് ജനുവരി 21ന് ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു

Author : ലിൻ്റു ഗീത

പാലക്കാട്‌: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. 2022 ജൂൺ 24ന് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് ജനുവരി 21ന് ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്.

കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.

അതേസമയം, ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ച സർക്കാറിനെതിരെയാണ് സമരങ്ങളെന്നും കേസുകളെ നിയമപരമായി നേരിടുമെന്നുമായിരുന്നു അറസ്റ്റ് വാറണ്ടിൽ ഷാഫി പറമ്പിലിൻ്റെ പ്രതികരണം. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അതിൽ ഒരുപാട് കേസുകളുണ്ട്. ഈ സമരങ്ങൾ ജനങ്ങൾക്കായാണെന്നും അ​ദ്ദേഹം വിശദീകരിച്ചിരുന്നു.

SCROLL FOR NEXT