ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളെ കാണുന്നു Source: News Malayalam 24x7
KERALA

"പെട്ടി തുറന്ന് പരിശോധിക്കാഞ്ഞത് എന്തുകൊണ്ട്? കണ്ണിൽ എക്സ്-റേ ലെൻസാണോ?"; ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യം അപമാനിക്കൽ മാത്രമായിരുന്നെന്ന് ഷാഫി

അപമാനിക്കപ്പെട്ടത് കൊണ്ടാണ് ഉദ്യോഗസ്ഥരോട് തട്ടി കയറിയതെന്ന് രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ വിവാദ പെട്ടി പരിശോധനയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും. പരാതിയില്ലെന്നും പരിശോധനയുടെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്തതെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ പെട്ടി തുറന്ന് പരിശോധിക്കാൻ തയ്യാറിയിരുന്നില്ലെന്നും തങ്ങൾ പറഞ്ഞിട്ടാണ് പെട്ടി തുറന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അപമാനിക്കപ്പെട്ടത് കൊണ്ടാണ് തട്ടി കയറിയതെന്ന് രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പൊലീസുകാർ കൈ കാണിച്ച് വണ്ടിയിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെന്ന് ഷാഫി പറമ്പിൽ പറയുന്നു. എംഎൽഎ ബോർഡടക്കം ഉണ്ടായിരുന്ന വണ്ടിയായിരുന്നു. വാഹന പരിശോധന നടത്താൻ പൊലീസുകാർക്ക് അവകാശമുണ്ടായതിനാൽ തന്നെ പരിശോധനയോട് പൂർണമായി സഹകരിച്ചു. പിന്നീട് വാഹനത്തിൻ്റെ ഡിക്കി തുറക്കാനും പെട്ടി പുറത്തെടുക്കാനും ആവശ്യപ്പെട്ടെന്നും എംപി പറഞ്ഞു.

"പരിശോധനയാണ് ലക്ഷ്യം എന്ന് ആദ്യം തോന്നിയില്ല. പെട്ടി പുറത്തെടുത്തിട്ടും ഉദ്യോഗസ്ഥർ പരിശോധന മതിയാക്കി വണ്ടിയെടുത്തോളാൻ ആവശ്യപ്പെട്ടത് കൊണ്ടാണ് അങ്ങനെ തോന്നിയത്. പെട്ടി പുറത്തു നിന്ന് കണ്ടാൽ എങ്ങനെ മനസിലാകുമെന്ന് ചോദിച്ച് പെട്ടി തുറന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. വേണ്ട എന്ന് പറഞ്ഞപ്പോൾ പരിശോധിച്ചിട്ട് പോയാൽ മതിയെന്നായി. ഇതോടെയാണ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തിയത്" ഷാഫി പറമ്പിൽ പറയുന്നു.

തുറന്നുപരിശോധിക്കുമ്പോഴും ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടിരുന്നു. അവസാനം എന്തെങ്കിലും കിട്ടിയോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ. പല പാർട്ടി നേതാക്കളും ആ വഴി പോകാറുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിനെ മാത്രം പരിശോധിച്ചതാണ് ചോദ്യം ചെയ്തത്. ജനപ്രതിനിധികളുടെയും പെട്ടി പരിശോധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ ആരോപിക്കുന്നു.

ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ച വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പ്രതികരിച്ചു. ഉദ്യോഗസ്ഥന് ജനങ്ങൾ പാരിതോഷികം നൽകും എന്നാണ് ഉദ്ദേശിച്ചതെന്ന് രാഹുൽ പറയുന്നു. പെട്ടി പുറത്തിറക്കി നോക്കുമ്പോൾ മനസിലാകാൻ എക്സറേ ലെൻസാണോ കണ്ണിലുള്ളതെന്ന് ചോദിച്ച രാഹുൽ, തങ്ങളുടെ പരാതിയെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. യുഡിഎഫിന് നേരെ മാത്രമാണ് പരിശോധനയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരോട് കയർക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും ദൃശ്യങ്ങളിൽ കാണാം. ഉദ്യോഗസ്ഥർ സിപിഐഎമ്മിനായി പണിയെടുക്കുകയാണെന്ന ആരോപണവും രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തുന്നുണ്ട്.

വാഹനത്തിലുണ്ടായിരുന്നത് ജനപ്രതിനിധികളാണെന്ന് വ്യക്തമായില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ ഇരുവരുടെയും വാഹനമാണെന്ന് വ്യക്തമായിട്ട് പോലും ഉദ്യോഗസ്ഥർ പെട്ടി പുറത്തെടുത്ത് പരിശോധിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പെട്ടിക്കുള്ളിൽ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്

SCROLL FOR NEXT