Source: Social Media
KERALA

"രമേശ് പിഷാരടി എനിക്ക് പാലക്കാട്ടേക്ക് ഉള്ള പാലമല്ല,എനിക്ക് വടകരയിലേക്ക് ഒരു പാലം ഇട്ട് തന്നിട്ടുണ്ട് ": ഷാഫി പറമ്പിൽ

അടുത്ത പട്ടികയും സമാന സ്വഭാവം ഉള്ളത് ആയിരിക്കുമെന്നും ഷാഫി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പട്ടികയെ അനുകൂലിച്ച് ഷാഫി പറമ്പിൽ എംപി. രമേശ് പിഷാരടി പാലക്കാട് ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർഥിയാണെന്ന് പറഞ്ഞ ഷാഫി പാർട്ടിക്ക് അധികാരം ഉള്ളപ്പോൾ അല്ല ഇല്ലാത്തപ്പോൾ ആണ് പിഷാരടി മത്സര രംഗത്തേക്ക് വന്നതെന്നും പറഞ്ഞു.

രമേശ് പിഷാരടി തനിക്ക് പാലക്കാട്ടേക്ക് ഉള്ള പാലമല്ല, തനിക്ക് വടകരയിലേക്ക് ഇപ്പൊ ഒരു പാലം ഇട്ട് തന്നിട്ടുണ്ടെന്നും ഷാഫി പറമ്പിൽ വിമർശനങ്ങളോട് പ്രതികരിച്ചു. വടകരയിലും കോഴിക്കോടും ഇംപാക്ട് ഉണ്ടാക്കാൻ പോന്ന സ്ഥാനാർഥി പട്ടിക ആണ് കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നതെന്നും അടുത്ത പട്ടികയും സമാന സ്വഭാവം ഉള്ളത് ആയിരിക്കുമെന്നും ഷാഫി വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യത്തിന് എല്ലാ സീറ്റുകളിലും സ്ഥാനാർഥി നിർണയം നടന്നില്ലല്ലോയെന്നും കോൺഗ്രസിന് ഇനിയും സ്ഥാനാർഥികൾ ഉണ്ട്, കാത്തിരുന്ന് കാണാമെന്നും ഷാഫി മറുപടി നൽകി.

ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്ന് വൈകീട്ടാണ് കോൺഗ്രസ് 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരുള്ള പട്ടികയിൽ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. പട്ടിക പുറത്തു വന്നതിന് പിന്നാലെ പലരും പട്ടികയിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയിരുന്നു. കെ.സുധാകരനെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പലയിടങ്ങളിലും പ്രതിഷേധങ്ങളും അരങ്ങേറി.

SCROLL FOR NEXT