കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാക്കളെ വേദിയിൽ ഇരുത്തി തമാശ രൂപേണയുള്ള പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഇവരൊക്കെ ചെറുപ്പത്തിൽ ചോദിച്ച സീറ്റുകളേ ഇപ്പോഴത്തെ ചെറുപ്പക്കാർ ചോദിക്കുന്നുള്ളൂ എന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം. എ.കെ. ആൻ്റണി, എം.എം. ഹസൻ തുടങ്ങിയ നേതാക്കളെ വേദിയിൽ ഇരുത്തിയായിരുന്നു ഷാഫിയുടെ പ്രതികരണം. ഷാഫിയെ തിരുത്തിയ എ.കെ. ആൻ്റണി തോൽക്കുന്ന സീറ്റുകൾ ചോദിച്ച് വാങ്ങിയത് ഓർമിപ്പിച്ചു. എം.എം. ഹസൻ്റെ രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെൻ്ററിയുടെ ടൈറ്റിൽ ലോഞ്ച് വേദിയിലായിരുന്നു പ്രതികരണം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗപരാതിയിൽ പരാതിക്കാരി ഉന്നയിച്ച വടകര ഫ്ലാറ്റ് പരാമർശത്തിൽ നിന്ന് ഷാഫി പറമ്പിൽ ഒഴിഞ്ഞുമാറി. വടകരയിലെ ഫ്ലാറ്റ് ആരോപണത്തിൽ താൻ എന്തിന് മറുപടി പറയണമെന്നും തനിക്ക് അവിടെ ഫ്ലാറ്റ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്നും ഷാഫി ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വടകരയിലെ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.