തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. കെ.ഒ. അയിഷാ ബായിക്കും, നഫീസത്ത് ബീവിക്കും, ഭാര്‍ഗവി തങ്കപ്പനും ശേഷം ഡെപ്യൂട്ടി സ്പീക്കർ കസേരയിലേക്ക് വീണ്ടും ഒരു വനിത എത്തുന്നു എന്ന ചരിത്രം കൂടി ഇവിടെ പിറക്കുന്നു.
കേരള നിയമസഭാ ചരിത്രത്തിലെ ഡെപ്യൂട്ടി സ്പീക്കര്‍മാരുടെ കണക്കെടുത്ത് നോക്കിയാൽ അതിൻ്റെ ആരംഭവും ഒരു വനിതയിൽ നിന്നാണ്. കെ.ഒ. അയിഷാ ബായ് ആണ് കേരള നിയമസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറും ഈ പദവിയിലെത്തിയ ആദ്യ വനിതയും.
1960ൽ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിൽ എത്തിയത് നഫീസത്ത് ബീവിയാണ്. 1960 മാർച്ച് 15 മുതൽ 1964 സെപ്റ്റംബർ 10 വരെ നഫീസത്ത് ബീവി കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് തുടർന്നു.
പിന്നീട് നിയമസഭാ ചരിത്രത്തിൽ കേരളം കണ്ട ഒരേയൊരു വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ 1987ൽ ചുമതലയേറ്റ ഭാര്‍ഗവി തങ്കപ്പനായിരുന്നു.1991ൽ കാലാവധി അവസാനിച്ചതോടെ പിൽക്കാലത്ത് ഒരു സഭയിലും സ്‌ത്രീ പ്രതിനിധികൾ ഡെപ്യൂട്ടി സ്പീക്കര്‍ കസേരയിലേക്ക് എത്തിയില്ല. അതിന് ശേഷം പുരുഷന്മാര്‍ മാത്രം ഇരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് ഇത്തവണ നറുക്ക് വീണത് ഷാനിമോള്‍ ഉസ്മാനാണ്.
2019ല്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് ഷാനിമോള്‍ ആദ്യമായി സഭയിലെത്തിയത്. പിന്നീട് ആവർത്തിച്ചുള്ള പരാജയം. തോൽവിയിലും പിന്മാറാതെവീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയപ്പോൾ ജനവിധി ഷാനിമോൾക്കൊപ്പമായി.
അരൂരിലെ സിറ്റിങ് എംഎല്‍എയായിരുന്ന ദലീമയെ പരാജയപ്പെടുത്തി 9324 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ വിജയിച്ചത്. 1960ല്‍ ആലപ്പുഴയിൽ നിന്നും നഫീസത്ത് ബീവി തെരഞ്ഞെടുക്കപ്പെട്ട് 66വര്‍ഷത്തിന് ശേഷം അരൂരിൽ നിന്നും ജയിച്ച ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എന്ന ചരിത്രനിയോഗത്തിനാണ് കേരള നിയമസഭ സാക്ഷ്യം വഹിക്കുന്നത്.