തിരുവനന്തപുരം: പിണറായിയും മകളും മാസപ്പടി കേസിൽ ജയിലിൽ പോകുമെന്ന് ഉറപ്പെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. അധികാരം കൊണ്ട് പിണറായി വിജയൻ കേസ് തടസപ്പെടുത്താൻ ശ്രമിച്ചു. കളങ്കിതനാണ് പിണറായി വിജയൻ. സത്യം പൊതുസമൂഹത്തിന് മുന്നിൽ വരണമെന്നും ഷോൺ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. വീണയുടെ എല്ലാ ഇടപാടുകളും പിണറായി കൂടി അറിഞ്ഞാണെന്നും ഷോൺ പറഞ്ഞു.
കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി കേസെന്നും ഷോൺ ജോർജ് പറഞ്ഞു. മഞ്ഞുമലയുടെ ഒരു മൂല മാത്രമാണ് കണ്ടിരിക്കുന്നത്. ഇനിയും ധാരാളം നേതാക്കളിലേക്ക് അന്വേഷണം എത്തണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കഥയാകും ഇനി അറിയാൻ പോകുന്നത്. പിണറായി വിജയനും മകളും ജയിലിൽ പോകുന്ന സാഹചര്യമുണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം ആരോപണത്തിലും ഷോൺ ജോർജ് പ്രതികരിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി എതിർക്കട്ടെ. പണം കട്ടിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതത്തിൽ പേടിക്കുക തന്നെ വേണം. ഇതിലും വലിയ മുഖ്യമന്ത്രിമാരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെയാണോ പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയനെയെന്നും ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും മുഹമ്മദ് റിയാസിന്റെ വീട്ടിലും അടക്കം പത്ത് ഇടങ്ങളിലാണ് കേരളത്തിൽ റെയ്ഡ് നടക്കുന്നത്. ബെംഗളൂരിലും രണ്ടിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. പുലർച്ച 5 45ഓടേയാണ് പിണറായിയുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്. പിണറായി വിജയന്റെയും മകൾ വീണ വിജയൻ്റെയും മൊഴിയും ഇഡി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് മൊഴി എടുത്തത്.