KERALA

അഭിറാമിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; 17കാരനായ പ്രതിയെ കൗൺസിലിങ്ങിന് വിധേയനാക്കി

17കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയതോടെയാണ് അഭിറാമിന്റെ കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17കാരനായ അഭിറാമിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അഭിറാമിനെ തേങ്ങകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയെന്ന് പ്രതിയായ 17കാരന്‍ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തി. സ്ഥലത്ത് എത്തിച്ചശേഷം ഉണ്ടായ തര്‍ക്കത്തിനിടെയാണ് കൃത്യം നിർവഹിച്ചത്.

അഭിറാമിന്റെ തലയോട്ടിയിലേറ്റ ക്ഷതം തേങ്ങകൊണ്ടുള്ള അടിയേറ്റാണ് സംഭവിച്ചത്. തലയ്ക്ക് അടിയേറ്റ അഭിറാം ബോധരഹിതനായി. ശേഷം സ്ഥലത്ത് ഉപേക്ഷിച്ചുപോയി. തുടർ‌ന്ന് 17കാരന്‍ കൂട്ടാളിയായ ഉമറിനെ വിളിച്ചുകൊണ്ട് സംഭവ സ്ഥലത്ത് വീണ്ടുമെത്തുകയായിരുന്നു. അഭിറാമിനെ വിളിച്ചുണര്‍ത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ബെല്‍റ്റുകൊണ്ട് കഴുത്തു മുറുക്കി. മരണം ഉറപ്പാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ഈ ബെല്‍റ്റും മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.

കഴിഞ്ഞ നവംബർ ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ അഭിറാമിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പിറ്റേന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ വാഴത്തോട്ടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കേസിൽ 17കാരനായ ഒന്നാം പ്രതിയും കൂട്ടാളി ഉമർ മുഫ്താറും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയപ്പകയെത്തുടർന്ന് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇൻസ്റ്റാഗ്രാം വഴി വിളിച്ചുവരുത്തിയാണ് കൃത്യം നിർവഹിച്ചത്.

SCROLL FOR NEXT