KERALA

"വീണയ്‌ക്കെതിരായ എല്ലാ തെളിവുകളും വ്യക്തം, ജിഎസ്ടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യാം"; ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ഷോൺ ജോർജ്

"ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിലക്ക് വാങ്ങാൻ കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഇന്ന് വന്ന കോടതി വിധി"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിലക്ക് വാങ്ങാൻ കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഇന്ന് വന്ന കോടതി വിധി. സംസ്ഥാന സർക്കാർ വീണ തൈക്കണ്ടിയിലിന് എതിരെ കേസെടുക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു.

എസ്എഫ്ഐഒ അന്വേഷണത്തിൽ സേവനം നൽകാതെയാണ് പണം വാങ്ങിയതെന്ന് വ്യക്തമാണ്.ജിഎസ്ടി തട്ടിപ്പും നടത്തി. ജിഎസ്ടി ആക്ട് പ്രകാരം സംസ്ഥാന സർക്കാരിന് വീണയെ അറസ്റ്റ് ചെയ്യാം. എല്ലാവരും വീണയാണ് പ്രതി എന്നാണ് പറയുന്നത്. എന്നാൽ വീണ ഇടനിലക്കാരി മാത്രമാണ്. അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ് കേസിലെ പ്രതി. പിഎംഎൽഎ ആക്ട് പ്രകാരം അന്വേഷണം നടക്കുമ്പോൾ പിണറായി വിജയനിലേക്ക് എത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.

"വീണയ്‌ക്കെതിരായ എല്ലാ തെളിവുകളും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ മകളായ വ്യക്തി ഒരു വ്യവസായ കരാറിൽ ഏർപ്പെടാൻ പാടില്ല. വീണ ഈ കേസിൽ ഒരു ഇടനിലക്കാരി മാത്രമാണ്. കേസിൽ യുഡിഎഫ് നേതാക്കൾ ഇപ്പഴേ കുറ്റം സമ്മതിച്ചു. രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അത് റിപ്പോർട്ട് ചെയ്യണം. ചിലർ അത് ചെയ്തിട്ടില്ല. കേസിൽ തെളിവായി മാറിയ സിഎംആർഎല്ലിന്റെ ൻ്റെ ഡയറി തൻ്റെ കയ്യിൽ കിട്ടിയാൽ അത് താൻ പുറത്ത് വിടും. അനൗദ്യോഗിക കോപ്പി തൻ്റെ പക്കലുണ്ട്. അതിൽ ചില പേരുകൾ ഉണ്ട്. അത് പുറത്ത് വിടുന്നത് ശരിയല്ല", ഷോൺ ജോർജിന്റെ വാക്കുകൾ.

സുപ്രീം കോടതിയെ സമീപിക്കാനുള്ള സമയം പോലും ഹൈക്കോടതി കൊടുത്തിട്ടില്ല. സത്യം വിജയിച്ചിരിക്കുകയാണ്. ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പോകാനും അറസ്റ്റിലേക്ക് പോകാനും ഇഡിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കേസ് സംബന്ധിച്ച് തീരുമാനം എടുകേണ്ടത് ഇ.ഡിയാണെന്നും ഷോൺ ജോർജ് പറഞ്ഞു. കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സിഎംആർഎല്ലിന്റെ ഹർജി തള്ളിയാണ് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളിയിരുന്നു. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു.

SCROLL FOR NEXT