കുഞ്ഞിന് രക്ഷകരായ അമലും നിർണവും Source: News Malayalam 24x7
KERALA

ധൈര്യമേകിയത് നീന്തൽ പരിശീലനവും ജെആർസി അംഗത്വവും; വളാഞ്ചേരിയിൽ ഒഴുക്കില്‍പെട്ട രണ്ടുവയസ്സുകാരിക്ക് രക്ഷകരായി സഹോദരങ്ങൾ

വളാഞ്ചേരി നഗരസഭയില്‍ നിന്ന് ലഭിച്ച നീന്തല്‍ പരിശീലനമാണ് നിര്‍ണവിന് തോട്ടില്‍ ചാടാന്‍ ധൈര്യം നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: വളാഞ്ചേരിയിൽ തോട്ടിൽ ഒഴുക്കില്‍പെട്ട രണ്ടുവയസ്സുകാരിക്ക് രക്ഷകരായി സഹോദരങ്ങളായ വിദ്യാർഥികൾ. തോട്ടിലേക്ക് എടുത്തുചാടി കുഞ്ഞിനെ പുറത്തെടുത്ത് സിപിആര്‍ നല്‍കിയാണ് അമല്‍ കൃഷ്ണയും, നിര്‍ണവ് കൃഷ്ണയും ഫാത്തിമ റിന്‍ഷയ്ക്ക് പുതുജീവൻ നൽകിയത്. അമല്‍ കൃഷ്ണയ്ക്ക് സ്‌കൂളില്‍ നിന്ന് ലഭിച്ച സിപിആര്‍ പരിശീലനം ഫാത്തിമയുടെ ജീവൻ രക്ഷിക്കാൻ സഹായകമായി.

തോട്ടില്‍ ഒഴുക്കില്‍പെട്ട വളാഞ്ചേരി വൈക്കത്തൂരിലെ ഫാത്തിമ റിന്‍ഷ എന്ന രണ്ടുവയസ്സുകാരിയെയാണ് സഹോദരങ്ങളായ എട്ടാം ക്ലാസുകാരൻ അമല്‍ കൃഷ്ണയും ഏഴാം ക്ലാസുകാരൻ നിര്‍ണവ് കൃഷ്ണയും മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

സ്‌കൂള്‍ അവധിയായതിനാല്‍ വൈക്കത്തൂരിലെ വീടിനടുത്തുള്ള തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു അമലും നിര്‍ണവും കൂട്ടുകാരും. ഇതിനിടെ കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരിയെ കാണാതായി. കുഞ്ഞ് എവിടെപ്പോയെന്നറിയാതെ ഉപ്പയും ഉമ്മയും പകച്ചുനില്‍ക്കുമ്പോള്‍ വെള്ളത്തില്‍ വീണിട്ടുണ്ടാകുമെന്ന് മനസ്സിലാക്കി അമലും നിര്‍ണവും തോട്ടിലേക്ക് എടുത്തുചാടി.

വളാഞ്ചേരി നഗരസഭയില്‍ നിന്ന് ലഭിച്ച നീന്തല്‍ പരിശീലനമാണ് നിര്‍ണവിന് തോട്ടില്‍ ചാടാന്‍ ധൈര്യം നല്‍കിയത്. അബോധാവസ്ഥയിലായ കുഞ്ഞിന് സിപിആര്‍ നല്‍കാന്‍ പ്രചോദനമായത് സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗമായ അമലിന് ലഭിച്ച പരിശീലനവും.

പാലക്കാട് ചെര്‍പുളശ്ശേരി തെക്കുംമുറി സ്വദേശികളായ അനില്‍- ഉമ ദമ്പതികളുടെ മക്കളാണ് അമലും നിര്‍ണവും. മുതിര്‍ന്നവര്‍ പോലും പകച്ചു നിന്ന സമയത്ത് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച സഹോദരങ്ങളെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നാട്.

SCROLL FOR NEXT