NEWS MALAYALAM 24x7  
KERALA

വാശി കയറിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, നാദാപുരത്തെ ഒരു ലക്ഷം രൂപ വിലയുള്ള ആട്ടിന്‍തല

750 രൂപയ്ക്ക് കിട്ടുന്ന ആട്ടിന്‍തല ഒരു ലക്ഷം രൂപയ്ക്കാണ് പ്രവാസിയായ ഇസ്മയില്‍ ലേലം വിളിച്ചെടുത്തത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഒരു ആട്ടിന്‍ തലയ്ക്ക് ഒരു ലക്ഷം രൂപ. പേടിക്കണ്ട. ഇത് മാര്‍ക്കറ്റിലെ വിലയല്ല. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയില്‍ ഒരു ആട്ടിന്‍ തലയ്ക്ക് കിട്ടിയ വിലയാണ് ഒരു ലക്ഷം രൂപ. നാദാപുരം വേവത്ത് നടന്ന ലേലം വിളിയിലാണ് റെക്കോര്‍ഡ് വിലയ്ക്ക് ആട്ടിന്‍ തല ലേലത്തില്‍ പോയത്.

വാശിക്ക് തുടങ്ങിയ ലേലം വിളി കയറിക്കയറി ഒരു ലക്ഷം രൂപയായി. നാദാപുരം വേവത്താണ് വാശിയേറിയ ലേലം വിളി നടന്നത്. അങ്ങനെ 750 രൂപയ്ക്ക് കിട്ടുന്ന ആട്ടിന്‍തല ഒരു ലക്ഷം രൂപയ്ക്കാണ് വേവത്തെ പ്രവാസിയായ ഇസ്മയില്‍ ലേലം വിളിച്ചെടുത്തത്.

വില നോക്കിയിട്ടല്ല, സംഘാടകര്‍ക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയതാണെന്ന് അവധിക്ക് നാട്ടിലെത്തി ഇസ്മായില്‍ പറയുന്നു. വേവത്തെ നബിദിനാഘോഷ കമ്മറ്റിയാണ് 23 ആട്ടിന്‍ തലകള്‍ ലേലത്തില്‍ വെച്ചത്. അതില്‍ ആറാമത്തെ ലേലം വിളിയാണ് പൊടിപാറിയത്.

മറ്റ് ആട്ടിന്‍ തലകള്‍ക്കും നല്ല വില കിട്ടി. 3500 നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്.

ഒരു ലക്ഷത്തിന് ആട്ടിന്‍ തല ലേലത്തില്‍ വിളിച്ച ഇസ്മയില്‍ ആട്ടിന്‍ സൂപ്പും കഴിച്ച് കഴിഞ്ഞ ദിവസം തന്നെ വിദേശത്തേക്ക് പോയി. ലേലംവിളി പ്രതീക്ഷിച്ചതിനേക്കാള്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.

SCROLL FOR NEXT