പ്രതീകാത്മക ചിത്രം Source: News Malayalam 24x7
KERALA

എസ്ഐആർ വിവരശേഖരണം ഇന്ന് അവസാനിക്കും; 24 ലക്ഷത്തിലധികം എന്യുമറേഷൻ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ഒന്നരമാസം നീണ്ടുനിന്ന എസ്ഐആർ വിവരശേഖരണമാണ് ഇന്ന് അവസാനിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവരശേഖരണം ഇന്ന് അവസാനിക്കും. നിലവിലെ കണക്കുപ്രകാരം 24,95,069 എന്യുമറേഷൻ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല. കരട് വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

ഒന്നരമാസം നീണ്ടുനിന്ന എസ്ഐആർ വിവരശേഖരണമാണ് ഇന്ന് അവസാനിക്കുന്നത്. നിലവിൽ 2,78,48,827 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.99 ശതമാനമാണിത്. 24,95,069 ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല. മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഇരട്ട വോട്ടുകൾ, മറ്റുള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ കണക്കാണിത്.

ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്താകാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎൽഒമാരുടെ വിവരശേഖരണം ഇന്ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയപാർട്ടികളുടെ ആവശ്യപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിന് ശേഷം പേര് ചേർക്കാനോ തിരുത്തലുകൾക്കോ ആക്ഷേപങ്ങൾ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. ഹിയറിങ്ങിനും പരിശോധനകൾക്കും ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. വിവര ശേഖരണം പൂർത്തിയാകുന്ന ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താസമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെയുള്ള പ്രവർത്തനങ്ങളും തുടർ നടപടികളും ഡോ. രത്തൻ യു. ഖേൽക്കർ വിശദീകരിക്കും.

SCROLL FOR NEXT