കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ 
KERALA

'കെ.എം. ബഷീർ കേസ് അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന'; പരിചയമില്ലാത്ത പ്രോസിക്യൂട്ടറെ വെച്ചത് സംശയാസ്പദം: സിറാജ് ദിനപത്രം

ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്ന് ആശങ്ക

Author : ന്യൂസ് ഡെസ്ക്

ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കെ.എം. ബഷീർ കേസ് അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന് ആക്ഷേപം. അടുത്ത മാസം വിചാരണ ആരംഭിക്കാനിരിക്കെ പ്രോസിക്യൂട്ടറുടെ മാറ്റമുൾപ്പെടെ കേസിനെ ബാധിക്കുന്നതാണെന്നാണ് സിറാജ് ദിനപത്രം ആരോപിച്ചു. പ്രോസിക്യൂട്ടറെ മാറ്റുന്നത് ആഭ്യന്തര വകുപ്പും ജില്ലാ കലക്ടറുമാണെന്നിരിക്കെ, നിലവിലുള്ള പ്രോസിക്യൂട്ടർ ഒഴിഞ്ഞതും വലിയ പരിചയമില്ലാത്ത പ്രോസിക്യൂട്ടറെ വെച്ചതും സംശയാസ്പദമാണ്. ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും പത്രം ചൂണ്ടിക്കാട്ടുന്നു.

സിറാജ് ദിനപത്രത്തിലെ വാര്‍ത്തയില്‍നിന്ന്

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ചുകൊന്ന കേസ് അട്ടിമറിക്കാൻ നീക്കം. തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ അടുത്ത മാസം ഒന്നിന് വിചാരണ ആരംഭിക്കാനിരിക്കെ പ്രോസിക്യൂട്ടറുടെ മാറ്റമുൾപ്പെടെ കേസിനെ ബാധിക്കുന്നതാണെന്നാണ് ആശങ്കയുയരുന്നത്. പ്രോസിക്യൂട്ടറെ മാറ്റുന്നത് ആഭ്യന്തര വകുപ്പും ജില്ലാ കലക്ടറുമാണെന്നിരിക്കെ, നിലവിലുള്ള പ്രോസിക്യൂട്ടർ ഒഴിഞ്ഞതും പ്രമാദമായ കേസുകളിൽ വലിയ പരിചയമില്ലാത്ത പ്രോസിക്യൂട്ടറെ വെച്ചതും സംശയാസ്പദമാണ്.

വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആർ. പ്രവീൺ പ്രോസിക്യൂട്ടർ സ്ഥാനമൊഴിഞ്ഞതിലും 2023ൽ മാത്രം പ്രോസിക്യൂട്ടറായി നിയമിതനായ, പ്രമാദമായ കേസുകളിൽ നേരിട്ട് ഹാജരായി പ്രാവീണ്യമില്ലാത്ത താരതമ്യേന ജൂനിയറായ ബി.എസ്. രാജേഷിനെ നിയമിച്ചതിലുമാണ് ആശങ്ക ഉയർന്നത്. നേരത്തേ 2024 ഡിസംബർ രണ്ടിന് കേസിന്റെ വിചാരണ ആരംഭിക്കാൻ നിശ്ചയിക്കുകയും അന്ന് കേസ് കൈകാര്യം ചെയ്തിരുന്ന ഒന്നാം അഡീഷനൽ സെഷൻസ് കോടതി 95 സാക്ഷികൾക്ക് ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, 2024 നവംബർ 25ന് പ്രതിഭാഗം തടസ ഹര്‍ജി നൽകിയതോടെ വിചാരണ മാറ്റിവെക്കുകയായിരുന്നു. സീനിയർ അഭിഭാഷകന് മുട്ടുവേദന കാരണം ഗോവണി കയറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റം ആവശ്യപ്പെട്ട് 2025 ജനുവരി 22ന് വീണ്ടും തടസ ഹര്‍ജി നൽകിയിരുന്നു. ഇതു പരിഗണിച്ച് കോടതിമാറ്റം അനുവദിക്കുകയും 2025 ജനുവരി 29ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നാലാം അഡീഷനൽ കോടതിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20ന് കേസ് പരിഗണിച്ച കോടതി, ഏപ്രിൽ 16ന് വിചാരണ തുടങ്ങാൻ തീരുമാനിച്ചെങ്കിലും വിചാരണ മാറ്റിവെക്കാൻ ഏപ്രിൽ ആറിന് പ്രോസിക്യൂട്ടർ ആവശ്യപ്പെടുകയായിരുന്നു.

ഓഗസ്റ്റ് ഒന്നിന് വിചാരണാ തീയതി പുതുക്കിനിശ്ചയിച്ചതിന് തൊട്ടുപിന്നാലെ ആർ. പ്രവീൺ കുമാർ പ്രോസിക്യൂട്ടർ സ്ഥാനമൊഴിഞ്ഞതോടെയാണ് ബി.എസ്. രാജേഷിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഉന്നതതല ബന്ധങ്ങളുള്ള ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്.

SCROLL FOR NEXT