KERALA

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെ എസ്‌ഐടി പരിശോധന പൂർത്തിയായി

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വീട്ടിലെത്തി പരിശോധന നടത്തിയത്

Author : പ്രണീത എന്‍.ഇ

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജിവരുടെ വീട്ടിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന പൂർത്തിയായി. എട്ട് മണിക്കൂറിലധികം സമയം ആണ് പരിശോധന നീണ്ടത്. വാചി വാഹനം അടക്കമുള്ള വസ്തുക്കളിൽ പരിശോധന നടത്തി.

ഉണ്ണികൃഷ്ണന്‍ പോറ്റുയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ എസ്‌ഐടിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു എസ്ഐടി വീട്ടിലെത്തി പരിശോധന നടത്തിയത്.

ഇന്ന് രാവിലെയോടെയാണ് എസ്‌ഐടി സംഘം ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലെത്തി പരിശോധന ആരംഭിച്ചത്. എസ്‌ഐടിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്

അയ്യപ്പന്റെ വാഹനമായി കരുതപ്പെടുന്ന തിരുവാചി അടക്കമുള്ള കാര്യങ്ങള്‍ തന്ത്രി കണ്ഠരര് രാജീവരുടെ കൈവശമായിരുന്നു ഏറെക്കാലം ഉണ്ടായിരുന്നത്. അത് പിന്നീട് തിരിച്ചേല്‍പ്പിച്ചുവെന്നാണ് തന്ത്രി പറഞ്ഞത്. സമാനമായി ശബരിമലയുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തുക്കളോ രേഖകളോ വീട്ടില്‍ ഉണ്ടോ എന്നതടക്കം എസ്‌ഐടി പരിശോധിക്കും.

അതേസമയം ഇന്ന് രാവിലെ കണ്ഠരര് രാജീവരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്ന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഡ്രോപ് ടെസ്റ്റ് നടത്തുന്നതിനായാണ് തന്ത്രിയെ ഇതിന് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തന്ത്രി ആശുപത്രിയില്‍ തുടരുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT