KERALA

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും അന്വേഷണം

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്ഐടി സക്കീറിന് നോട്ടീസ് നൽകും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ എസ്ഐടി അന്വേഷണം പിഎസ്‌സി മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും. നിലവിൽ ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന നാല് കേസുകളില്‍ രണ്ടെണ്ണത്തില്‍ പരീക്ഷ നടന്നത് എം.കെ. സക്കീര്‍ ചെയര്‍മാനായിരുന്ന കാലത്താണ്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റാങ്ക് ലിസ്റ്റിലേക്കുള്ള പരീക്ഷയും ഖാദി ബോർഡിലെ പരീക്ഷയുമാണ് സക്കീറിന്റെ കാലത്ത് നടന്നത്. ആദ്യ കെഎഎസ് പരീക്ഷയിൽ അടക്കം സിപിഐഎമ്മിനായി സക്കീർ വഴിവിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് അംഗങ്ങളുടെ മൊഴി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്ഐടി സക്കീറിന് നോട്ടീസ് നൽകും.

2016 മുതല്‍ 2022 ഒക്ടോബര്‍ വരെയായിരുന്നു സക്കീര്‍ പിഎസ്‍സിയുടെ തലപ്പത്തിരുന്നത്. ഇക്കാലയളവില്‍ നടന്ന രണ്ടു പരീക്ഷകളിലാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പ്കെടര്‍ പരീക്ഷ 2019ലാണ് നടന്നത്. 2020ല്‍ റാങ്ക് പട്ടിക വന്നു. പിഎസ്‍സി ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് നിയമനം കിട്ടാന്‍ യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തിയെന്നാണ് ആരോപണം. ഈ സമയത്ത് പരീക്ഷ നടത്തിയത് സക്കീറായിരുന്നു. 2020ല്‍ നടന്ന ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയാണ് മറ്റൊന്ന്. 2022ല്‍ ഇതിന്‍റെ റാങ്ക് ലിസ്റ്റ് വന്നു. ഈ പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് പിഎസ്‍സി ചെയര്‍മാനെ പ്രതികോളത്തില്‍ ചേര്‍ത്തിട്ടുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു സക്കീര്‍. സക്കീര്‍ അന്വേഷണ പരിധിയിലാവുന്നതോടെ സിപിഐഎം കൂടുതല്‍ പ്രതിക്കൂട്ടിലാകും. മറ്റൊരു ചെയര്‍മാനായ എം.ആര്‍. ബൈജുവിന് സര്‍വീസ് സംഘടന വഴിയാണ് സിപിഐഎം ബന്ധം. എന്നാല്‍ നേരിട്ട് സിപിഐഎമ്മുമായി ബന്ധമുള്ളയാളാണ് സക്കീര്‍. പ്രാദേശിക എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ സിറ്റിങ് സീറ്റ് സക്കീറിന് നല്‍കിയത്.

SCROLL FOR NEXT