KERALA

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൂഴ്ത്തി

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ ഫയൽ വീണ്ടും വിളിച്ചുവരുത്താൻ തീരുമാനിച്ച് സർക്കാർ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടി റിപ്പോർട്ട് പൂഴ്ത്തി. പൊതുഭരണ വകുപ്പിൽ നിന്ന് റിപ്പോർട്ട് പിഎസ്‌സിക്ക് കൈമാറിയില്ല. പരീക്ഷാ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. റിപ്പോർട്ട് പൂഴ്ത്തിയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

അതേസമയം, ഹൈക്കോടതി വിമർശനത്തിന് പിന്നാലെ ഫയൽ വീണ്ടും വിളിച്ചുവരുത്താനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. പിഎസ്‌സിയിലെ നിയമന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, ഈ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തേണ്ടത് സർക്കാരിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന ആവശ്യം സമൂഹത്തിൽ ശക്തമാണ്. വിഷയത്തിൽ ഹൈക്കോടതിയുടെ വിമർശനം കൂടി ഉണ്ടായ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ ശുപാർശകളിൽ നടപടിയുണ്ടാകുമെന്ന എന്ന കാര്യത്തിൽ ഉടൻ ഒരു വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നുള്ള ഔദ്യോ​ഗിക വിശദീകരണവും ഏറെ നിർണായകമാണ്.

SCROLL FOR NEXT