തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാക്രമക്കേടിൽ അറസ്റ്റിലായ പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആര്‍. ഹരി കുറ്റം സമ്മതിച്ചെന്ന് എസ്ഐടി. ക്രമക്കേട് സമ്മതിച്ച് ആർ. ഹരി മൊഴി നൽകിയതായി എസ്ഐടി കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും പെന്‍ഡ്രൈവുകളും എസ്ഐടി കോടതിയില്‍ ഹാജരാക്കി. ന്യൂസ് മലയാളമാണ് പിഎസ്‌സി പരീക്ഷാക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ ദിവസമാണ് കേസിൽ ആർ. ഹരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തു നിന്നാണ് ഹരിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയായിരുന്നു പൊലീസിൻ്റെ നീക്കം. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയച്ചുമതലയായിരുന്നു ഹരിക്ക്.
ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാൻ എം.ആർ. ബൈജുവിന്‍റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.