തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുന്നത്. കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
ഇന്ന് രാവിലെയാണ് കിളിമാനൂരുള്ള വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റിയുണ്ടെന്നുള്ള വിവരം പ്രത്യേക അന്വേഷണസംഘത്തിന് ലഭിക്കുന്നത്. പിന്നാലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. എന്നാൽ എവിടെവച്ചാണ് ചോദ്യം ചെയ്യുന്നത് എന്നതടക്കമുള്ള വിവരങ്ങൾ എസ്ഐടി പുറത്തുവിട്ടിട്ടില്ല.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി മുൻകൂർ ജാമ്യപേക്ഷ അടക്കമുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ സുപ്രധാന നീക്കം. അഴിമതിയും മോഷണവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, അടക്കം പത്ത് പേരാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. മോഷണം, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് പുറമേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് എസ്ഐടിക്ക് നേതൃത്വം നൽകുന്നത്. കേസിലെ തുടർനടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.