നിമിഷ പ്രിയയുടെ മോചനത്തിനായി അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി സംസാരിക്കാനുള്ള സാഹചര്യം ലഭ്യമായിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു. ദി ഫെഡറലിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിൻ്റെ ഈ പരാമർശങ്ങൾ.
"കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുത്താലേ നിമിഷ പ്രിയയുടെ മോചന വിഷയത്തിലുള്ള കാര്യങ്ങളെല്ലാം ഫലപ്രദമാകൂ എന്ന് കേന്ദ്രത്തെ അറിയിച്ചു. അത്തരം ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ വേണ്ടവിധം പരിഗണിച്ചു," കാന്തപുരം പറഞ്ഞു.
"ശിക്ഷയുടെയും മാപ്പ് നൽകുന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരണം. അനന്തരാവകാശികളുമായുള്ള ചർച്ചകളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ," കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.