KERALA

"വിട്ടുനിന്നത് അനാരോഗ്യം കാരണമല്ലെങ്കിൽ വിയോജിപ്പുണ്ട്"; ചെമ്പഴന്തിയിലെ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ ശിവഗിരി മഠത്തിന് അതൃപ്തി

വിട്ടുനിന്നത് അനാരോഗ്യം കാരണമല്ലെങ്കിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചെമ്പഴന്തി ഗുരുകുലത്തിലെ ചതയ ദിനാഘോഷത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിട്ടു നിന്നതിൽ ശിവഗിരി മഠത്തിന് അതൃപ്തി. വിട്ടുനിന്നത് അനാരോഗ്യം കാരണമല്ലെങ്കിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ ന്യൂസ് മലയാളത്തോട് പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചതെങ്കിലും ഇന്ന് അദ്ദേഹം കൊച്ചിയിൽ പരിപാടികളിൽ സജീവമായിരുന്നു. ഇതാണ് ശിവഗിരി മഠത്തിന്റെ അതൃപ്തിക്ക് കാരണം.

അതേസമയം, സുഖമില്ലാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. എന്നാൽ കൊച്ചിയിലെ പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും വി.ഡി. സതീശൻ പങ്കെടുത്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ചെമ്പഴന്തിയിലെ പരിപാടിയിൽ പങ്കെടുത്തതാണ് വി.ഡി. സതീശൻ വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.

ചതയ ദിന പരിപാടികളുടെ തുടക്കം എല്ലാവർഷവും ഉദ്ഘാടകനായി എത്തുന്നത് പ്രതിപക്ഷ നേതാവാണ്. സമാപന സമ്മേളനം മുഖ്യമന്ത്രിയും. ഇക്കുറിയും ഗുരുകുലം പതിവ് തെറ്റിച്ചില്ല. ഇത്തവണ പക്ഷേ പരിപാടിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും ക്ഷണം ഉണ്ടായിരുന്നു. ആഗോള അയ്യപ്പ സംഗമ വിവാദം നിലനിൽക്കെ പ്രശാന്തുമായി വേദി പങ്കിടാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് താല്പര്യമില്ലായിരുന്നു എന്നാണ് സൂചന. ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗ വസതിയിൽ എത്തിയ ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ കാണാൻ പ്രതിപക്ഷ നേതാവ് തയ്യാറായിരുന്നില്ല.

ഇതോടെയാണ് ആരോഗ്യകാരണങ്ങൾ അറിയിച് പരിപാടിയിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഇന്ന് കൊച്ചിയിൽ എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുത്ത വി ഡി സതീശൻ ഉച്ചതിരിഞ്ഞ് മാധ്യമങ്ങളെ കാണുകയും ചെയ്തു. ആരോഗ്യകാരണങ്ങൾ ഉണ്ടെങ്കിൽ ഇതെങ്ങനെ സാധിക്കുമെന്നാണ് മഠ അധികൃതർ ചോദിക്കുന്നത്.

SCROLL FOR NEXT