KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: ലീഗ് എംഎൽഎമാരിൽ ആറ് പേരെ ഒഴിവാക്കും; എം.കെ. മുനീറിന് മത്സരിക്കുന്നത് സ്വയം തീരുമാനിക്കാം

പതിനഞ്ച് എംഎൽഎമാരിൽ ആറുപേരെ ഒഴിവാക്കാനാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്

Author : ലിൻ്റു ഗീത

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരെ വെട്ടാനൊരുങ്ങി മുസ്ലിം ലീഗ്. ഇക്കുറി ആറ് സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കും. കാസർ​ഗോഡ്, മലപ്പുറം, മഞ്ചേരി, തിരൂരങ്ങാടി എംഎൽഎമാർക്ക് സീറ്റുണ്ടാകില്ല. കൊണ്ടോട്ടി, തിരൂർ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. അതേസമയം എം.കെ. മുനീറിന് ഇളവ് നൽകിയിട്ടുണ്ട്, മത്സരിക്കുന്ന കാര്യത്തിൽ മുനീറിന് സ്വയം തീരുമാനിക്കാമെന്നാണ് ലീഗ് നിലപാട്.

മുസ്ലീം ലീഗിന് നിലവിൽ 15 എംഎൽഎമാരാണ് ഉള്ളത്. ഇവർ 25 സീറ്റിലാണ് മത്സരിക്കുക. ​ഈ പതിനഞ്ച് എംഎൽഎമാരിൽ ആറുപേരെ ഒഴിവാക്കാനാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. മൂന്ന് ടേം പൂർത്തിയാക്കിയ കാസർ​ഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്നിനെ ഒഴിവാക്കും. പകരം കെ.എം. ഷാജിയെയയാണ് പരി​ഗണിക്കുന്നത്.

മൂന്ന് ടേം പൂർത്തിയാക്കിയ മലപ്പുറം എംഎൽഎ പി. ഉബൈദുള്ളയും പുറത്താകും. പകരം പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ഫിറോസ് എന്നിവരുടെ പേരുകളാണ് പരി​ഗണിക്കുന്നത്. ആരോ​ഗ്യ പ്രശ്നങ്ങൾ പരി​ഗണിച്ച് മഞ്ചേരി എംഎൽഎ യു.എ. ലത്തീഫിനെയും ഒഴിവാക്കും. പകരം യുവ നേതാക്കളെയാകും പരി​ഗണിക്കുക. ആറ് തവണ തിരൂരങ്ങാടി എംഎൽഎ ആയ കെ.പി.എ. മജീദിനെയും ഒഴിവാക്കും പകരം പി.എം.എ. സലാം, സുഹ്റ മമ്പാട് എന്നിവരെയാണ് പരി​ഗണിക്കുന്നത്.

SCROLL FOR NEXT