KERALA

എറണാകുളത്ത് ആറ് വയസുകാരിയും അച്ഛനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനുള്ളിൽ നിന്ന്

പാണാവള്ളി സ്വദേശികളായ ഇവര്‍ പോണേക്കരയിൽ വാടകയ്ക്കാണ് താമസിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കൊച്ചി എളമക്കരയിൽ അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ പവി ശങ്കർ, ആറു വയസുകാരിയായ മകൾ വാസുകി എന്നിവരാണ് മരിച്ചത്. രാവിലെ കുട്ടിയുടെ അമ്മയും ബന്ധുവും നടത്തിയ തെരച്ചിലിലാണ് വീട്ടിനുള്ളിൽ ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പാണാവള്ളി സ്വദേശികളായ ഇവര്‍ പോണേക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്. അച്ഛനും അമ്മയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾക്ക് വിഷം നൽകിയ ശേഷം പവി ശങ്കർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് ബന്ധുവിൻ്റെ മൊഴി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT