തിരുവനന്തപുരം; സംസ്ഥാനത്ത് പാമ്പ് കടിയേറ്റ കേസുകൾ ശമനമില്ലാതെ തുടരുന്നു. കോഴിക്കോട് കിണറ്റിലെ വെള്ളം കോരുന്നതിനിടെ സ്ത്രീ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ പരിശീലനത്തിനിടെ പാമ്പ് പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ മാത്രം 21 പാമ്പ് കടിയേറ്റ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മരണങ്ങൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
കോഴിക്കോട് കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിൽ നിന്നാണ് ശംഖുവരയനെ പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീ കിണറ്റിൽ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യിൽ എന്തോ സ്പർശിച്ചു. പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്‌ക്യു അംഗത്തെ വിവരമറിയിച്ച് പാമ്പിനെ പിടികൂടി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ പരിശീലനത്തിനിടയിലും പാമ്പിനെ കണ്ടെത്തി.
ഇന്ന് രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലാണ് 'ചേരയെ' കണ്ടെത്തിയത്. ഇതോടെ കോളേജിൽ വ്യാപക പരിശോധന നടത്തി. അതേസമയം പാമ്പ് കടിയേറ്റ കേസുകൾ വർധിക്കുമ്പോഴും മരണങ്ങൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സംസ്ഥാനത്ത് ആവശ്യാനുസരണം ആന്റിവെനം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി ഡൽഹിയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ മാത്രം 21 പാമ്പ് കടിയേറ്റ കേസുകളാണ് 108 ആംബുലൻസ് സർവീസ് വഴി റിപ്പോർട്ട് ചെയ്തത്. അഞ്ചു പേർക്ക് കടിയേറ്റ കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ. പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 8 കേസുകളും റിപ്പോർട്ട് ചെയ്തു.
ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കൽ സ്വദേശി 14 കാരൻ അജയ്, രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ വീട്ടിൽ ശുചി മുറിയിൽ പോകുന്നതിനിടെയാണ് പോൾസണ് പാമ്പ് കടിയേൽക്കുന്നത്. അജയ്ക്ക് കടിയേറ്റത് 11 മണിയോടെ. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ് എന്നാണ് നിഗമനം. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർഥി രക്ഷപ്പെട്ടതും വാർത്തയായി. കൂത്താട്ടുകുളം സ്വദേശി പ്രസാദിന്റെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ശ്രീ നന്ദ എന്ന പ്ലസ്ടു വിദ്യാർഥിയാണ് രക്ഷപ്പെട്ടത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് എത്തുകയായിരുന്നു. കുട്ടി കട്ടിലിന്റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെയും കൂത്താട്ടുകുളത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.