തിരുവന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സഭയിൽ കാണിക്കുന്ന കോലാഹലങ്ങൾ എന്തിനാണ് എന്നും ഇതെല്ലാം അനാവശ്യ ചർച്ചകളാണ് എന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ചക്കരക്കുടത്തിൽ കൈയിട്ട് വാരുന്നവരാണ് എല്ലാവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവനെ പിന്തുണച്ചും വെള്ളപ്പള്ളി പ്രതികരിച്ചു. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന് പലരും പറയുന്നു. എന്തിനാണ് മന്ത്രി രാജി വയ്ക്കുന്നത്. മന്ത്രി വി. എൻ. വാസവൻ ഭംഗിയായി കാര്യങ്ങൾ നോക്കുന്ന നല്ല ഈഴവനാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതി പറഞ്ഞ് നശിപ്പിക്കാനുള്ള ശ്രമം കേരളത്തിലുണ്ട്. ചെത്തുകാരൻ്റെ മകൻ എന്ന് മുഖ്യമന്ത്രിയെ വിളിച്ചില്ലേ, കെ. ആർ . ഗൗരിയമ്മയെ അധിക്ഷേപിച്ചില്ലേ, ലീഗ് ഭരിച്ചാൽ പാകിസ്ഥാൻ ഭരണം വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ബാലികേറാമലയാണ്. ലീഗാണ് അവിടുത്തെ പാർട്ടി. ലീഗ് ഭരിച്ചാൽ മലപ്പുറത്തിന് ഗുണമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവിടെ പോയി ഒരു സത്യം പറഞ്ഞുപോയി, എന്നാൽ അവിടെ പോയി ഒന്നും മിണ്ടരുത് എന്ന് മനസിലായി. അവിടെ മുസ്ലീങ്ങൾക്ക് സംവരണം കൂടുതലാണ്. ഈഴവരെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഇതിനെതിരെ പറഞ്ഞാൽ ഉടനെ ജാതി പറഞ്ഞു എന്നാകും. മുസ്ലിം കൂട്ടായ്മ എന്ന് പറഞ്ഞ് അവർ എന്തെല്ലാം നേടി. നിയമചട്ടങ്ങൾ അവർക്ക് ഒന്നുമല്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി.
ക്ഷേത്ര ഭരണത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർ വരണമെന്ന് വെളളാപ്പള്ളി ആവശ്യപ്പെട്ടു. അടിച്ചു മാറ്റിയത് തെറ്റാണ്. ഹൈക്കോടതി കേസെടുക്കാൻ പറഞ്ഞിട്ടുണ്ട്. സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാല് കിലോ സ്വർണം പോയതാണോ ഇത്ര പ്രശ്നമെന്നും, സംസ്ഥാനത്ത് ഉടനീലമുള്ള ക്ഷേത്ര രേഖകൾ പരിശോധിച്ചാൽ അഴിമതി കാണാമെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.