വെള്ളാപ്പള്ളി നടേശൻ Source: News Malayalam 24x7
KERALA

സിപിഐയിലുള്ളത് ചതിയൻ ചന്തുമാർ, പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു: വെള്ളാപ്പള്ളി നടേശൻ

മൂന്നാമതും പിണറായി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐയിലുള്ളത് ചതിയൻ ചന്തുമാരാണെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിലാണെന്നും പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ. മൂന്നാമതും പിണറായി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ്താവന സംബന്ധിച്ച ചോദ്യങ്ങളോട് ചാനൽ മൈക്കുകൾ തള്ളിമാറ്റി വെള്ളാപ്പള്ളി ക്ഷുഭിതനാവുകയും ചെയ്തു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. ഏപ്രില്‍ മാസത്തില്‍ എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശം. അന്നും പ്രസ്ഥാവനയ്ക്കെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം, വെള്ളാപ്പള്ളി നടേശൻ്റെ ചതിയൻ ചന്തു പരാമർശത്തിന് മറുപടിപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രം​ഗത്തെത്തി. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും ഈ പറഞ്ഞ ആളെയും അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്കാണ്. എൽഡിഎഫ് സർക്കാരിന് മാർക്കിടാൻ ഉള്ള ചുമതല വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും എൽഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ലെന്നും കടുത്ത ഭാഷയിൽ ബിനോയ് വിശ്വം മറുപടി പറഞ്ഞു.

SCROLL FOR NEXT