വിവാദ പരാർമശത്തിൽ രാഷ്ട്രീയ കോളിളക്കം തുടരുമ്പോഴും ന്യൂനപക്ഷ വിരുദ്ധ പരാമർശം വീണ്ടും ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐഎം പോലും മതമേലധ്യക്ഷൻമാർക്ക് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയിലാണ്. രണ്ട് സമുദായം എന്ത് ചെയ്താലും ചോദിക്കാൻ ആളില്ല. മുസ്ലീം ലീഗും കേരള കോൺഗ്രസും മുന്നണികൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി ആലുവയിൽ പറഞ്ഞു.
"വിരുന്ന് വന്നവൻ വീട്ടുകാരനായി മാറി. ഇവിടെ ജനിച്ച് വളർന്നവർ അധികാരത്തിൽ നിന്ന് പുറത്തായി. അടുത്ത തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏത് മുന്നണിയിലായാലും ഈഴവന് വോട്ട് ചെയ്യണം. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോ. അവർക്കെല്ലാം അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് ലീഗ് പറയുന്നത്. 25 സീറ്റുകൾ ജയിച്ച് അടുത്ത മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗിൻ്റെ പ്രവർത്തനം", വെള്ളാപ്പള്ളി നടേശൻ.