തിരുമല അനിൽ Source: News Malayalam 24x7
KERALA

തിരുമല അനിലിൻ്റെ മരണം: "വായ്പ തിരിച്ചടയ്ക്കാത്തവരിൽ ബിജെപി കൗൺസിലർമാരും"; പാർട്ടിയെ പ്രതിക്കൂട്ടിലാക്കി സൊസൈറ്റി സെക്രട്ടറിയുടെ മൊഴി

എന്നാൽ പല നിർണായക ചോദ്യങ്ങൾക്കും സെക്രട്ടറി നീലിമ ആർ. കുറുപ്പ് മറുപടി പറഞ്ഞിട്ടില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുമല കോർപ്പറേഷൻ കൗൺസിലർ കെ. അനിൽകുമാറിൻ്റെ മരണത്തിൽ ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കി സൊസൈറ്റി സെക്രട്ടറിയുടെ മൊഴി. വായ്പ തിരിച്ചടയ്ക്കാത്തവരിൽ ബിജെപി കൗൺസിലർമാരും ഉണ്ടെന്ന് സെക്രട്ടറി നീലിമ ആർ. കുറുപ്പ് അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ പല നിർണായക ചോദ്യങ്ങൾക്കും സെക്രട്ടറി നീലിമ ആർ. കുറുപ്പ് മറുപടി പറഞ്ഞിട്ടില്ല.

ചൊവ്വാഴ്ചയാണ് പൊലീസ് സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയത്. വൻ സാമ്പത്തിക ബാധ്യതയെന്ന ആരോപണം തള്ളിയാണ് സൊസൈറ്റി സെക്രട്ടറിയുടെ മൊഴി. വൻ തുക വായ്പയെടുത്തവർ കുറവാണ്. സൊസൈറ്റിയുടെ സാമ്പത്തിക ബാധ്യത അരക്കോടിയോളം രൂപ മാത്രമാണ്. ഈ സാമ്പത്തിക ബാധ്യത അനിലിനെ ഏറെ പ്രയാസപ്പെടുത്തിയിരുന്നെന്നും നീലിമ മൊഴി നൽകി. എന്നാൽ എന്തുകൊണ്ട് സൊസൈറ്റി റിക്കവറി നടപടികളിലേക്ക് പോയില്ല എന്ന നിർണായക ചോദ്യത്തിനടക്കം നീലിമ മറുപടി പറഞ്ഞിട്ടില്ല. ഇവരെ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അനിൽ കുമാറിൻ്റെ മരണത്തിന് ഉത്തരവാദികൾ ബിജെപി നേതാക്കളെന്ന് ബിജെപി മുൻ ഐടി സെൽ അംഗം തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അനിൽകുമാറിന്റെ മരണത്തിന് ഉത്തരവാദികൾ ബിജെപി നേതാക്കളാണ്. പ്രധാന നേതാക്കൾ പണം എടുത്തിട്ട് തിരികെ അടച്ചില്ലെന്ന് വിഷ്ണു തോന്നയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇപ്പോൾ ഭരണ സമിതിയുടെയും ജീവനക്കാരുടെയും തലയിൽ കെട്ടിവക്കാനാണ് ശ്രമം. അനിൽ കുമാറിനെ മരണത്തിലേക്ക് തള്ളിവിട്ടത് പണമോഹികളായ നേതാക്കളാണ്. ഇവർ തന്നെ അദ്ദേഹത്തിൻറെ ഭൗതിക ദേഹത്തിന് മുന്നിൽ ഉളുപ്പില്ലാതെ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു നിൽക്കുന്നത് കണ്ടു. ലോണെടുത്ത് തിരിച്ചടയ്ക്കാത്ത ബിജെപി നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്നും വിഷ്ണു തോന്നയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

അനിൽകുമാറിൻ്റെ മരണത്തെ തുടർന്ന് ബിജെപിയിൽ അമർഷം പുകയുകയാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ ഇല്ലെന്നും, അത്തരം പ്രശ്നങ്ങൾ കാരണമല്ല അനിൽ ജീവനൊടുക്കിയത് എന്നും, ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുന്നില്ല എന്നതുമാണ് തടസം നിക്കുന്നത്. സിപിഐഎമ്മിനെ പഴിചാരിക്കൊണ്ട് ബിജെപി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അതെല്ലാം പാഴായി പോവുകയായിരുന്നു. അനിൽ കുമാറിൻ്റെ മരണത്തിന് പിന്നാലെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നപ്പോൾ അതിൽ ബിജെപിയെക്കുറിച്ച് പരാമർശം ഉണ്ടെന്ന കാര്യം പരസ്യമായതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാകുകയാണ് ചെയ്യുന്നത്.

SCROLL FOR NEXT