തൃശൂർ: ട്രെയിനിൽ നിന്ന് കുഴഞ്ഞ് വീണതിന് പിന്നാലെ യുവാവ് മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ. മുളങ്കുന്നത്തുകാവ് സ്റ്റേഷൻ മാസ്റ്റർ അടിയന്തരനടപടികൾ സ്വീകരിച്ചിരുന്നു. പ്രകോപിതരായ ചില യാത്രക്കാരാണ് ചികിത്സ വൈകിപ്പിക്കാൻ കാരണമെന്നാണ് റെയിൽവേ അറിയിച്ചത്.
അർധ രാത്രിയായതും സ്റ്റേഷനിലേക്കുള്ള വാഹനപ്രവേശനം ദുഷ്കരമായതുമാണ് ആംബുലൻസ് എത്താൻ വൈകിയതിന് കാരണം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് തൃശൂരിലും ആംബുലൻസ് സജ്ജമാക്കിയിരുന്നുവെന്നും റെയിൽവേയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. യാത്രക്കാർ ട്രെയിനിൻ്റെ ചങ്ങല വലിച്ചതോടെ തൃശൂരിൽ യുവാവിനെ എത്തിക്കാനുള്ള സമയവും ഇല്ലാതാക്കുകയാണ് ഉണ്ടായതെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു.
ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. റെയിൽവേ ജീവനക്കാരുടെ അനാസ്ഥയെ തുടർന്നാണ് യുവാവ് മരിച്ചത് എന്നാണ് ആരോപണം ഉയർന്നത്. മുംബൈ-എറണാകുളം ഓഖ എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം. അവശനിലയിൽ ആയ യുവാവിനെ സഹയാത്രക്കാർ ചേർന്ന് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയിരുന്നു. അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയിട്ടും ആംബുലൻസ് എത്തിച്ചില്ലെന്നും പരാതിയുണ്ട്. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. ഇതിനുപിന്നാലൊണ് ആരോപണങ്ങൾ ഉയർന്നത്.