ഒ.ജെ. ജനീഷ് 
KERALA

ചിലര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനിന്നു, ചിലര്‍ കാഴ്ചക്കാരായി... ക്രിമിനലുകളുമുണ്ട്: പൊലീസിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്

എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി മന്ത്രി ഒ.ജെ. ജനീഷ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് തള്ളി മന്ത്രി ഒ.ജെ. ജനീഷ്. ചില പൊലീസുകാർ അക്രമങ്ങൾക്ക് കൂട്ടുനിന്നു. ചിലർ സംഘർഷം നടന്നപ്പോൾ കാഴ്ചക്കാരായി. പൊലീസിനുള്ളിൽ ക്രിമിനലുകളുണ്ടെന്നും മന്ത്രി തുറന്നടിച്ചു. ഇതിനിടെ, തൃക്കരിപ്പൂരിൽ മന്ത്രി ജനീഷിന് സുരക്ഷയൊരുക്കന്നതിൽ വലിയ വീഴ്ചയാണ് പൊലീസിനുണ്ടായതെന്ന് പ്രതികരിച്ച് സന്ദീപ് വാര്യർ എംഎൽഎയും രംഗത്തെത്തി.

തിരുവനന്തപുരത്ത് എസ്എഫ്ഐയും യൂത്ത് കോൺഗ്രസും തമ്മിലുണ്ടായ തെരുവു യുദ്ധത്തിൽ പൊലീസ് കാണിച്ച നിഷ്ക്രിയത്വം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് ആഭ്യന്തര വകുപ്പിനെ സമ്മർദത്തിലാക്കി മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തിയത്. എസ്എഫ്ഐ പ്രവർത്തകർ വാഹനങ്ങൾ കത്തിച്ചു എന്ന വ്യാജ പ്രചാരണമാണ് ആദ്യ ഘട്ടത്തിലുണ്ടായ ചെറിയ തർക്കം വൻ സംഘർഷമാകാൻ കാരണം, എന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഈ റിപ്പോർട്ട് മന്ത്രി തള്ളി. എസ്.എഫ്.ഐ അഴിച്ചുവിട്ട അക്രമത്തിനുനേരെ പ്രതികരിക്കുക മാത്രമാണ് യൂത്ത് കോൺഗ്രസ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

മാത്രമല്ല, ചില പൊലീസ് ഉദ്യോഗസ്ഥർ അക്രമങ്ങൾക്ക് കൂട്ടുനിന്നെന്നും ചിലർ സംഘർഷത്തിൽ കാഴ്ചക്കാരായെന്നും പറഞ്ഞ മന്ത്രി പൊലീസിനുള്ളിൽ ക്രമിനലുകളുണ്ടെന്നും തുറന്നടിച്ചു. പൊലീസിനെതിരെ ഗുരുതരമായ പരാമർശങ്ങൾ നടത്തിയ മന്ത്രി പക്ഷേ, ഇതൊന്നും ആഭ്യന്തര വകുപ്പിനെതിരെയല്ല എന്നെടുത്ത് പറയാനും മറന്നില്ല.

തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ. ജനീഷിന് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ഭരണപക്ഷത്തുനിന്ന് സന്ദീപ് വാര്യര്‍ എംഎല്‍എയും പ്രതികരിച്ചു. പൊലീസിന് വീഴ്ച ഉണ്ടായതുകൊണ്ടാണ് തനിക്ക് ഇടപെടേണ്ടിവന്നത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണ്. പൊലീസിനുണ്ടായ വീഴ്ച പരിശോധിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ തുടങ്ങിയ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം ഇന്നലെ സംസ്ഥാന വ്യാപകമായി പടർന്നുപിടിക്കുകയായിരുന്നു. മന്ത്രി ജനീഷിനെ മാത്രം തളിപ്പറമ്പ് മുതൽ തൃക്കരിപ്പൂർ വരെ ആറിടത്തുവച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടിയും വാഴയും കാണിച്ച് തടഞ്ഞത്. ഒടുവിൽ രാത്രി തൃക്കരിപ്പൂരിൽ ജനീഷ് എത്തിയതോടെ കയ്യാങ്കളി കൈവിട്ടു. മന്ത്രിയെ തടഞ്ഞ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതിരോധിച്ച് സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. മന്ത്രിയെ തോളിലേറ്റിയും വഴിയൊരുക്കിയുമായിരുന്നു പ്രതിരോധം.

യുഡിഎഫ് ക്യാമ്പില്‍ നിന്നുതന്നെ ആഭ്യന്തര വകുപ്പിന്റെ ജാഗ്രതക്കുറവില്‍ വിമർശനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ മന്ത്രിമാരുടെയും സുരക്ഷ കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.

SCROLL FOR NEXT