വി.വി. രാജേഷ്, തിരുവനന്തപുരത്തെ പരിശോധന 
KERALA

തിരുവനന്തപുരത്തും കർശന പരിശോധന; ലൈൻസില്ലെന്ന് കണ്ടെത്തിയ സ്പാ സെൻ്റർ അടച്ചുപൂട്ടി; അനധികൃത സ്പാകൾ അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്

സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം അനുവദിക്കില്ലെന്നും വി.വി. രാജേഷ് മുന്നറിയിപ്പ് നൽകി

Author : ലിൻ്റു ഗീത

തിരുവനന്തപുരം: തിരുവല്ലയിൽ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പരാതിക്ക് പിന്നാലെ തിരുവനന്തപുരത്തും പരിശോധന. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രവർത്തിച്ചിരുന്ന സ്പർശൻ സ്പാ സെൻ്റർ താൽക്കാലികമായി അടച്ചുപൂട്ടി. ലൈൻസില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒരു ലൈസൻസിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കോർപ്പറേഷൻ ഹെൽത്ത് വിഭാഗമാണ് ന​ഗരത്തിൽ പരിശോധന നടത്തുന്നത്. മേയർ വി.വി. രാജേഷിന്റെ നിർദേശപ്രകാരമാണ് നടപടി.

കോർപ്പറേഷൻ പരിധിയിൽ അനധികൃത സ്പാകൾ അനുവദിക്കില്ലെന്നും ക്രോസ് മസാജിങ് പാടില്ലെന്നും മേയർ അറിയിച്ചു. ഡോക്ടർമാരുടെ സാന്നിധ്യം വേണമെന്ന വ്യവസ്ഥ പലരും ലംഘിക്കുന്നുണ്ട്. സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം അനുവദിക്കില്ലെന്നും വി.വി. രാജേഷ് മുന്നറിയിപ്പ് നൽകി. സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന സ്പായിലാണ് ഇന്ന് പരിശോധന നടത്തിയത്. തലസ്ഥാനത്തും അനധികൃത സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയിലാണ് അന്വേഷണം.

അതേസമയം, കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ക്വട്ടേഷന്‍ എടുത്ത്, കൃത്യം നടത്തിയാല്‍ കുറച്ചുദിവസത്തേക്ക് നാടുവിടുന്നതാണ് മരണ സുബിന്‍റെയും, കൂട്ടാളികളുടെയും പതിവ് രീതിയെന്നാണ് പൊലീസ് പറയുന്നത്. സുബിനും ബെർലിൻ ദാസും പിടിയിലായെങ്കിലും, കൂട്ടാളികൾ ഈ മാർഗം സീകരിച്ച് സംസ്ഥാനം വിട്ടിരിക്കാം എന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ. ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടുമുൻപ് എറണാകുളത്തായിരുന്നു പ്രതികളുടെ ടവർ ലൊക്കേഷൻ. ഇവരെ വലയിലാക്കാന്‍ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

അതിജീവിതയുടെ മൊഴി പ്രകാരം, സംഭവസമയത്ത് സ്പായിലുണ്ടായിരുന്ന സഹപ്രവർത്തകയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഗുണ്ടനേതാക്കളുമായി ജീവനക്കാരി സൗഹാർദപരമായി സംസാരിച്ചു എന്നാണ് അതിജീവിതയുടെ മൊഴി. ഇവരുടെ ആണ്‍ സുഹൃത്തുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍, പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണമുണ്ടാകുമെന്നാണ് സൂചന. സ്പായിൽ നിത്യ സന്ദർശകരായ ചില ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയിരുന്നതായി ഇതിനകം വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ ബന്ധമുള്ള ഉദ്യോഗസ്ഥരെപ്പറ്റിയും ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT