KERALA

പ്രതിപക്ഷ ബ്ലോക്കിൽ ഉണ്ടാകില്ല, രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് നൽകും; സസ്പെൻഡ് ചെയ്തുകൊണ്ടുള്ള കത്ത് കിട്ടി: സ്പീക്കർ

രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ല, രാഹുലിൻ്റെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കർ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ല. രാഹുലിൻ്റെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും അതിനാൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ എംഎൽഎയെ പ്രത്യേക ബ്ലോക്കായി പരിഗണിക്കും. പ്രതിപക്ഷ ബ്ലോക്കിൽ രാഹുൽ ഉണ്ടാകില്ല. പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന കസേര അവസാനിക്കുന്നതിന്റെ തൊട്ടടുത്തായിരിക്കും രാഹുലിന് കസേര നൽകുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമസഭയുടെ 14ാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. അടുത്ത മാസം 10 വരെയാണ് സഭാ സമ്മേളനം നടക്കുക. ആദ്യ ദിനം അന്തിമോപചാരം അർപ്പിച്ചു പിരിയും. ആകെ 12 ദിവസമാണ് സഭ സമ്മേളിക്കുക. ഈ കാലയളവിൽ നാല് ബില്ലുകൾ പരിഗണിക്കും. ഇതിനു പുറമെ 13 ബില്ലുകൾ കൂടി വന്നേക്കും. ബില്ലിന് അംഗീകാരം നൽകാത്തത് ശരിയാണോ എന്ന് ഗവർണറിനോട് ചോദിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.

സഭയിൽ ദൃശ്യ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും സ്പീക്കർ അറിയിച്ചു. സഭ ടിവി വഴി കാണാമെന്നും വിമർശനം ഉൾക്കൊള്ളുന്നു കാണിക്കേണ്ട ഭാഗം ജനത്തെ കാണിക്കുമെന്നും സ്പീക്കർ പറഞ്ഞു. സംസ്ഥാന പൊലീസ് സേനയ്ക്ക് നേരെ ഉയർന്നു വരുന്ന വിമർശനങ്ങളിലും സ്പീക്കർ പ്രതികരിച്ചു. പൊലീസ് അതിക്രമങ്ങളെ ആരും ന്യായീകരിക്കില്ല. പൊലീസ് അതിക്രമങ്ങൾക്കെതിരെ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കും. അച്ചടക്കനടപടികൾ നടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. താനും പൊലീസ് അതിക്രമങ്ങളുടെ ഇരയാണെന്നും ഇപ്പോഴും ചികിത്സയിലാണെന്നും എ.എൻ. ഷംസീർ പറഞ്ഞു.

SCROLL FOR NEXT