തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് മെയിലുകൾ വരുന്നുണ്ടെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ. എത്തിക്സ് കമ്മിറ്റിക്ക് വിടണമെങ്കിൽ എംഎൽഎമാർ പരാതി നൽകണം. മുൻകാല എംഎൽഎമാരുടെ പേരിൽ ഇത്രയും പരാതികൾ വന്നിട്ടില്ല. ആരെയും അയോഗ്യരാക്കിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ച സ്പീക്കർ "കൊട്ടയിലെ ഒരു മാങ്ങ കെട്ടുപോയാൽ കൊട്ടയിലെ മാങ്ങ മുഴുവൻ കെട്ടതാകുമോ" എന്ന് ചോദിച്ചു. ഇത്തരം ആളുകളെ സമൂഹം ബഹിഷ്കരിക്കണം. എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും സ്‌പീക്കർ അഭിപ്രായപ്പെട്ടു.
പതിനഞ്ചാം നിയമസഭയുടെ ഷെഡ്യൂൾ സംബന്ധിച്ചും സ്പീക്കർ അറിയിച്ചു. അവസാന സമ്മേളനം ജനുവരി 20ന് ആരംഭിക്കും. 32 ദിവസത്തെ സഭാ സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും. ജനുവരി 29ന് ബജറ്റ് അവതരണം നടക്കും. മാർച്ച് 26ന് ഈ സഭയുടെ അവസാന സമ്മേളന ദിനമായിരിക്കുമെന്നും ഷംസീർ അറിയിച്ചു.