KERALA

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കരുത്, തർക്കങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇവിടെ തീരേണ്ടത് ഇവിടെ തീരും, ഡൽഹിയിൽ തീർക്കേണ്ടവ അവിടെ തീർക്കും എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കരുതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടിക്ക് ഒപ്പം വളരെ ചെറിയ പ്രായം മുതൽ അടുത്ത് പ്രവർത്തിച്ചതാണ്. വേദനയും ദുഃഖവും അടക്കി വച്ചിരിക്കുകയാണ്. തർക്കങ്ങൾക്ക് എല്ലാം പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇവിടെ തീരേണ്ടത് ഇവിടെ തീരും, ഡൽഹിയിൽ തീർക്കേണ്ടവ അവിടെ തീർക്കും എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

"സ്പീക്കറായി തെരഞ്ഞെടുത്ത പിറ്റേദിവസം കെപിസിസി അച്ചടക്കസമിതിയിൽ നിന്ന് രാജിവച്ചിരുന്നു. എല്ലാത്തിനും നല്ലൊരു പരിവസാനം ഉണ്ടാകുമെന്നാണ് വിശ്വാസം. പല പ്രശ്നങ്ങളും ശാന്തമായി തീർന്നിട്ടുണ്ട്. ഇതും തീരും എന്നാണ് പ്രതീക്ഷ. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് പരസ്യ പ്രസ്താവനകൾ വരും. ഇവിടെ തീരേണ്ടത് ഇവിടെ തീരും. ഡൽഹിയിൽ തീർക്കേണ്ടവ അവിടെ തീർക്കും. അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയണം", തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വാക്കുകൾ.

ഉമ്മൻചാണ്ടി ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് കരുതുന്നത്. ഈ വിഷയങ്ങളിൽ താനഭിപ്രായം പറയേണ്ട ആളല്ലെന്നും അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഗവൺമെന്റിന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സഹായകരമായ നിലപാട് എല്ലാവരും എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

SCROLL FOR NEXT