KERALA

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

കുറുപ്പിന്റേതെന്ന പേരിൽ ഒരു വയോധികന്റെ ചിത്രവും പാസ്‌പോർട്ട് ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണങ്ങളിൽ വന്‍ ട്വിസ്റ്റ്. പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ സുകുമാരക്കുറുപ്പിന്റേതല്ലെന്നും തൃശൂർ കരുമത്ര സ്വദേശി ദാമോദരമേനോന്റേതാണെന്നും സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചു. ബ്രൂണെയിലുള്ള ദാമോദരമേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബറിന്റെ വെളിപ്പെടുത്തലോടെയാണ് അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമായത്. കുറുപ്പിന്റേതെന്ന പേരിൽ ഒരു വയോധികന്റെ ചിത്രവും പാസ്‌പോർട്ട് ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജ വിലാസത്തില്‍ സുകുമാര കുറുപ്പ് ബ്രൂണെയില്‍ താമസിക്കുന്നുണ്ടെന്നായിരുന്നു അഭ്യൂഹം. ഇതിന് പിന്നാലെ ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിന് നിർദ്ദേശവും നൽകി.

എന്നാൽ മണിക്കൂറുകൾക്കകം കഥ മാറി. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് തൃശൂർ കരുമത്ര സ്വദേശിയായ ദാമോദരമേനോനാണെന്ന് കുടുംബം വെളിപ്പെടുത്തി.നാൽപ്പത് വർഷമായി വിദേശത്ത് കഴിയുന്ന ദാമോദരമേനോൻ നിലവിൽ പരിക്കേറ്റ് ചികിത്സയിലാണ്. തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഇദ്ദേഹവുമായി നേരിട്ട് ഫോണിൽ സംസാരിച്ച് വസ്തുതകൾ സ്ഥിരീകരിച്ചു.വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദാമോദരമേനോൻ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

രണ്ട് മാസം മുൻപ് ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ കുറുപ്പിന്‍റെ കേസുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും പരിശോധിച്ചിരുന്നു. ജാർഖണ്ഡിലെ ആശുപത്രിയിൽ വച്ച് കുറുപ്പിനെ കണ്ട മലയാളി നഴ്സ് രത്നമ്മയുടെ മൊഴിയുടെയും, കുറുപ്പിന്‍റെ ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തിൽ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തൽ.ബ്രൂണെ വാർത്തകൾ ദാമോദരമേനോനിലേക്ക് വഴിമാറിയെങ്കിലും, ഉയർന്നുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്റർപോൾ മുഖേനയുള്ള പരിശോധനകൾ ക്രൈംബ്രാഞ്ച് പൂർത്തിയാക്കും.

SCROLL FOR NEXT