തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നെന്ന് ഇരുവരും മൊഴി നൽകി.
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അന്വേഷണസംഘത്തിൻ്റെ നിർണായക നീക്കം. ഇത് പ്രാഥമിക വിവര ശേഖരണം മാത്രമാണെന്നും മൊഴി വിശദമായി പരിശോധിക്കുമെന്നും എസ്ഐടി അറിയിച്ചു.
അതേസമയം തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്. പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.