തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക സംഘം. നാളെ ഔദ്യോഗികമായി കേസ് ഏറ്റെടുത്തതിന് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.
ഔദ്യോഗികമായി കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്നലെ ദേവസ്വം ആസ്ഥാനത്ത് എത്തിയ സിഐമാരായ ബിജു രാധാകൃഷ്ണനും അനീഷും ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറുമായി ആശയവിനിമയം നടത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ പകര്‍പ്പടക്കം ശേഖരിച്ചിട്ടുമുണ്ട്.
ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്ത ഉടനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ വേഗത്തില്‍ ആക്കാനാണ് നീക്കം. അതേസമയം അന്വേഷണം പൂര്‍ത്തിയാക്കി ദേവസ്വം വിജിലന്‍സ് നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെ മൊഴി ഇന്ന് വിജിലന്‍സ് രേഖപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയാണ് പങ്കജ് ഭണ്ഡാരി മൊഴി നല്‍കിയത്. ശബരിമലയിലെ മൂല്യമുള്ള വസ്തുക്കളുടെ കണക്കെടുക്കാന്‍ ജസ്റ്റിസ് കെ.ടി. ശങ്കരനും ഇന്ന് സന്നിധാനത്ത് എത്തും. വിജിലന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ കുറ്റക്കാരായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആണ് ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്. കോഴിക്കോട്, കാസര്‍ഗോഡ് കളക്ടറേറ്റുകളിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.