KERALA

നിതിൻ രാജിന്റെ മരണത്തിൽ തുടരന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി നിതിന്റെ പിതാവ് രാജന്‍ പരാതി നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെത്തുടര്‍ന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിൽ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ തുടരന്വേഷണം. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേത്വത്തിലാകും പ്രത്യേക അന്വേഷണ സംഘം. നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജന്റെ പരാതി.

മകന്‍ ജീവനൊടുക്കിയതല്ല, കൊലപാതകമാണെന്നാണ് രാജന്റെ ആരോപണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണപുരോഗതിയും അറിയിക്കുന്നില്ല. കണ്ണൂരില്‍നിന്ന് അന്വേഷണം അട്ടിമറിച്ചു. അതിന്റെ ഫലമാണ് സംഗീതയുടെ ജാമ്യം. പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആഭ്യന്തര മന്ത്രിയോട് രാജന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ക്കും മറ്റ് അധ്യാപകര്‍ക്കും എതിരെ നടപടിയെടുക്കണം. റാമിന് ഡോക്ടറായിരിക്കാന്‍ ഒരു അവകാശവുമില്ല. അയാളെ പുറത്തുവിടരുതെന്നും രാജന്‍ പ്രതികരിച്ചിരുന്നു.

നിതിൻ ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ മാസങ്ങള്‍ക്കൊടുവില്‍ കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ണാടകയിലെ കുടകിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഡോ. റാമിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ സുപ്രീംകോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെ റാം ഒളിവിലായിരുന്നു. ആന്ധ്രയിലെ ചിറ്റൂരില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം എത്തിയിരുന്നു. എന്നാല്‍, റാം അവിടെനിന്ന് കര്‍ണാടകയിലെ ബന്ധുവിന്റെ അടുത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അതേസമയം, ജാമ്യം കിട്ടിയ ഡോ. സംഗീതയെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

SCROLL FOR NEXT