ശ്രീ പത്മനാഭസ്വാമി ക്ഷേത്രം Source: Screen Grab News Malayalam 24x7
KERALA

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: ക്ഷേത്ര ജീവനക്കാർക്ക് നുണ പരിശോധന

ഒരുമാസം മുൻപാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണം കാണാതായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ നുണ പരിശോധന നടത്താൻ പൊലീസ്. ആറ് ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ഫോർട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ജീവനക്കാരാരും മനപ്പൂർവം ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യില്ലെന്ന് വിഷയത്തിൽ ക്ഷേത്ര ഭരണസമിതി അംഗമായ ആദിത്യ വർമ പ്രതികരിച്ചു.

ഒരുമാസം മുൻപാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണം കാണാതായത്. പൊലീസ് അന്വേഷണത്തിൽ ക്ഷേത്രത്തിനുള്ളിലെ മണൽ പരപ്പിൽ നിന്നും സ്വർണ്ണം കണ്ടെത്തി. പക്ഷേ മാസം ഒന്ന് പിന്നിടുമ്പോഴും കുറ്റവാളിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. സ്വർണ്ണം കാണാതായതിലും പിന്നീട് തിരിച്ചു കിട്ടിയതിന് പിന്നിലും ചില ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

സംശയ നിഴലിൽ ഉള്ള ആറ് ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജീവനക്കാരുടെ പക്കൽ നിന്നും സ്വർണം അറിയാതെ നഷ്ടപ്പെട്ടത് ആവാനാണ് സാധ്യത എന്നും ക്ഷേത്ര ഭരണസമിതി അംഗവും തിരുവിതാംകൂർ രാജകുടുംബാംഗവുമായ ആദിത്യ വർമ പറഞ്ഞു.

ക്ഷേത്രത്തിലെ  ശ്രീകോവിലിൻ്റെ താഴികകുടത്തിന് സ്വർണം പൂശുന്ന പണിക്കിടെയാണ് സ്വർണ ദണ്ഡ് കാണാതായത്. അതീവ സുരക്ഷാ മേഖലയിലെ മോഷണ കേസിലെ പ്രതികളെ പിടികൂടാൻ ആവാത്തത് പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്.

SCROLL FOR NEXT