KERALA

"ഫോണിൽ പോലും ഒരു മന്ത്രിയും വിളിച്ചിട്ടില്ല‌, സഹായിക്കാൻ പറ്റുമെങ്കിൽ സർക്കാർ സഹായിക്കട്ടെ"; ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട ശ്രീക്കുട്ടി

2025 നവംബർ രണ്ടിനാണ് ട്രെയിൻ യാത്രക്കിടെ പാലോട് സ്വദേശി ശ്രീക്കുട്ടിയെ മദ്യപൻ ചവിട്ടി വീഴ്ത്തിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: വർക്കലയിൽ ട്രെയിനിൽ നിന്ന് ഒരു മദ്യപൻ്റെ നീചവൃത്തിക്ക് ഇരയായി ഗുരുതരമായ പരിക്കേറ്റ ശ്രീക്കുട്ടിയെ കേരളത്തിന് മറക്കാനാകില്ല. പക്ഷേ ട്രെയിനിൽ നിന്ന് വീണ് മാസങ്ങളോളം ചികിത്സയിലായിരുന്ന ഇപ്പോഴും ആരോഗ്യം വീണ്ടെടുക്കാനാകാത്ത ശ്രീക്കുട്ടിയെ സർക്കാർ മറന്നു. വാഗ്ദാനം ചെയ്ത ചികിത്സ സഹായം സർക്കാരിൽ നിന്ന് കിട്ടിയില്ലെന്ന് ശിഥില ശബ്ദത്തിൽ ശ്രീക്കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു.

സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കൂ എന്നാണ് ശ്രീക്കുട്ടി സർക്കാരിനോട് അപേക്ഷിക്കുന്നത്. നിലവിൽ മഞ്ചേരിയിലെ ആയുർവേദ ആശുപത്രിയിലെ ചികിത്സാ ചെലവ് കുടുംബം തന്നെയാണ് വഹിക്കുന്നത്. എല്ലാവരെയും പോലെ കാണാനും നടക്കാനും കൈകൾ ചലിപ്പിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് ദീനസ്വരത്തിൽ ശ്രീക്കുട്ടി പറയുന്നു. 2025 നവംബർ രണ്ടിനാണ് ട്രെയിൻ യാത്രക്കിടെ പാലോട് സ്വദേശി ശ്രീക്കുട്ടിയെ മദ്യപൻ ചവിട്ടി വീഴ്ത്തിയത്.

"തിരുവനന്തപുരത്തെ ആശുപത്രിയിൽ കിടന്നത് ഓർമയില്ല. അമൃതയിലെത്തിയപ്പോഴാണ് കണ്ണ് തുറന്നത്. നടക്കാനും ഒരു കൈ ഉയർത്താനും ഒരു കണ്ണ് തുറക്കാനും നിലവിൽ കഴിയുന്നില്ല. അതൊക്കെ ചെയ്യണമെന്നുണ്ട്. കാഴ്ച ശരിയായിട്ടില്ല. സന്ധ്യയാകുമ്പോൾ മഴക്കാറ് വന്നത് പോലെയാണ് കാണാൻ കഴിയുന്നത്. വെളിച്ചത്ത് പോലും അത് പോലെയാണ് കാണാൻ കഴിയുന്നത്. സർക്കാരിൽ നിന്നും ഒന്നും കിട്ടുന്നില്ല എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അതിനെപ്പറ്റി ഒന്നും ഓർമയില്ല. ഇപ്പോൾ അമ്മ തന്നെയാണ് പൈസ കൊടുക്കുന്നത്. മന്ത്രിമാർ ആരും കാണാൻ വന്നിട്ടില്ല. അവർക്കെല്ലാം അവരുടെ ജോലിയില്ലെ. അവർക്ക് വരാൻ തോന്നിയാൽ വരട്ടെ. അവർക്ക് തോന്നുന്നില്ലല്ലോ എന്നെ കാണാണം എന്ന്. എന്നെ സഹായിക്കാൻ അവർക്ക് തോന്നിയില്ലല്ലോ. പിന്നെ ഞാൻ എന്തുപറയാനാണ്. പറ്റുമെങ്കിൽ എന്നെ സഹായിക്കണം. ഞാൻ മരിച്ചുപോയാൽ മരിച്ചു പോട്ടെ.

ട്രെയിനിൽ നിന്ന് വീണിട്ട് അഞ്ചുമാസം കഴിഞ്ഞു. ഫോണിൽ പോലും ഒരു മന്ത്രിയും വിളിച്ചിട്ടില്ല‌. എല്ലാം ശരിയാകും എന്നാണ് അമ്മ പറയുന്നത്. പക്ഷേ ഞാൻ ആലോചിക്കാറുണ്ട്. എല്ലാവരും നടക്കുന്നത് പോലെ ഒക്കെ എനിക്ക് നടക്കാൻ കഴിയുമോ എന്ന്. വാക്കറിൽ പിടിച്ച് നടക്കുമ്പോൾ കാൽമുട്ട് മടക്കാൻ കഴിയുന്നില്ല വേദനയാണ്. ഓർമ എല്ലാം കുറെ നഷ്ടപ്പെട്ടു. കൂടെ പഠിച്ചവരെ ആരെയും ഓർമയില്ല. കൂട്ടുകാരെ കുറച്ച് പേരെയെന്നും ഇപ്പോഴും ഓർമയില്ല. ആദ്യം അമ്മയെ പോലും ഓർമയുണ്ടായിരുന്നില്ല, ശ്രീകുട്ടിയുടെ വാക്കുകൾ.

SCROLL FOR NEXT