രിസാല മുഖവാരിക  Source: Naews Malayalam 24X7
KERALA

ഹാകിമിയ്യത്ത് വാദമില്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്ക് അസ്തിത്വം നഷ്ടപ്പെട്ടു; പ്രവര്‍ത്തനം അവസാനിപ്പിക്കണം: എസ്എസ്എഫ് മുഖ വാരിക

ജമാഅത്തെ ഇസ്ലാമി ഹാകിമിയ്യത്ത് വാദത്തില്‍ നിന്നും പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

Author : ന്യൂസ് ഡെസ്ക്

ജമാഅത്തെ ഇസ്ലാമി പിരിച്ചു വിടണമെന്ന് സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ് മുഖ വാരിക രിസാലയില്‍ ലേഖനം. ആശയപരമായും സംഘടനപരമായും ജമാഅത്തെ ഇസ്ലാമിക്ക് അസ്തിത്വം നഷ്ടപ്പെട്ടുവെന്നും സംഘടന പിരിച്ചുവിട്ട് മുസ്ലിം പൊതുധാരയില്‍ ജമാഅത്തെ ഇസ്ലാമി ലയിക്കണമെന്നാണ് രിസാലയിലെ ലേഖനത്തിലെ പരാമര്‍ശം.

ജമാഅത്തെ ഇസ്ലാമി ഹാകിമിയ്യത്ത് വാദത്തില്‍ നിന്നും പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

'പാരമ്പര്യ ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ വേറിട്ട് നിര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി അവര്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നത് ഹാകിമിയത്ത് വിവാദമാണ്. അഥവാ ദൈവത്തിന്റെ ലോകത്ത് ദൈവത്തിന്റെ ഭരണം മാത്രം. പ്രസ്തുത വാദത്തിന്റെ അടിസ്ഥാനത്തില്‍ ദൈവികേതര ഭരണ വ്യവസ്ഥിതികളെ പ്രസ്തുത വാദത്തിന്റഎ അടിസ്ഥാനത്തില്‍ ദൈവികേതര ഭരണഇ വ്യവസ്ഥിതികളെ ഏതെങ്കിലും വിധേന അംഗീകരിക്കുക വഴി മതപരിത്യാഗം സംഭവിക്കുന്നു എന്ന ഗുരുതര ഭാഷ്യം ചമച്ച് ജനാധിപത്യത്തെയും ഭരണകൂടത്തെയും അംഗീകരിക്കുന്ന ഇന്ത്യന്‍ മുസ്ലീങ്ങളെ മതഭ്രഷ്ട് ലഭിച്ചവരാണെന്ന് അനുമാനത്തില്‍ മൗലാനാ മൗദൂദി എത്തി. മുസ്ലീം സമൂഹത്തിന് നേരെ ഉയര്‍ത്തിയ ഗൗരവതരമായ ഈ ആക്ഷേപം ആണ് ജമാഅത്ത് ഉള്‍പ്പെടെയുള്ള ഹാകിമിയ്യത്ത് സര്‍ക്കിളിനെ സമുദായത്തില്‍ നിന്ന് അടര്‍ത്തി നിര്‍ത്തിയത്,' ലേഖനം ചൂണ്ടിക്കാട്ടുന്നു.

സമകാലിക ജമാഅത്ത് നേതാക്കള്‍ പുറമെ പറയുന്നത് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഹാകിമിയ്യത്ത് വാദമില്ല, മൗദൂദിയുടെ മുഴുവന്‍ വാദങ്ങളും അംഗീകരിക്കുന്നില്ല എന്നൊക്കെയാണ്. ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിത ആശയങ്ങളില്‍ നിന്ന് പിറകോട്ട് പോകുന്നു എന്നുവരുകില്‍ സ്ഥാപക നേതാവിനെയും അടിസ്ഥാന ആശയത്തെയും തള്ളുന്നുവെങ്കില്‍ പാരമ്പര്യ ഇസ്ലാമിന്റെ പൊട്ടിച്ചുകളഞ്ഞ കണ്ണികള്‍ ഞങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നു എന്ന് കൂടിയാണല്ലോ അര്‍ഥം. പറയുന്നത് സത്യസന്ധമാണെങ്കില്‍ സംഘാടനയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ലേഖനത്തില്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ ആശയപരമായും സംഘടനാപരമായും അസ്തിത്വം സ്വയം റദ്ദ് ചെയ്തിരിക്കുന്നു. ആയതിനാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം അവസാനിപ്പിച്ച് മുസ്ലീം പൊതുധാരയില്‍ ലയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ജമാഅത്തെ ഇസ്ലാമി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. യുഡിഎഫിനെയോ ജമാഅത്തെ ഇസ്ലാമിയെയോ തള്ളാതെ നിന്ന സമസ്ത ഇ.കെ വിഭാഗം അത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പാണെന്നാണ് പറഞ്ഞത്. ജമാഅത്തെ പിന്തുണ സ്വീകരിച്ച യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT