KERALA

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം പൂർത്തിയായി, രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ സജ്ജം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ ആർ. ശ്രീലേഖയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എ. ഷാജഹാൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. 75 ശതമാനം പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വഞ്ചിയൂരിലെ കള്ളവോട്ട് ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും എ. ഷാജഹാൻ വ്യക്തമാക്കി.

ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒന്നാം വാർഡിൽ മറ്റന്നാൾ റീപോളിങ് നടക്കും. വോട്ടെടുപ്പ് മുടങ്ങിയതിനെ തുടർന്നാണ് നടപടി. മറ്റെല്ലാ സ്ഥലത്തും സമാധാനപരമായി പോളിങ് നടന്നു. മറ്റന്നാൾ പോളിങ് ഉള്ള സ്ഥലങ്ങളിൽ സാമഗ്രികൾ വിതരണം ചെയ്യും. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വ്യക്തമാക്കി.

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ ആർ. ശ്രീലേഖയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസിൽ വിവരമറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകും. വിഷയത്തെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT