ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സംസ്ഥാന സർക്കാർ. ആറു പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലം മാറ്റ ഉത്തരവാണ് റദ്ദാക്കിയത്. സർക്കാർ നിർദേശത്തെ തുടർന്ന് ഡിജിപിയാണ് ഉത്തരവ് റദ്ദാക്കിയത്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന.
നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ് റദ്ദാക്കിയത്. ഡിജിപി കാണാനെത്തിയപ്പോഴാണ് ഗവർണർ തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക കൈമാറിയത്. ഗവർണറുടെ ഒപ്പം സഞ്ചരിക്കേണ്ട ആറ് പേരുടെ പട്ടികയാണ് കൈമാറിയത്.
മറ്റ് സുരക്ഷാപ്രശ്നങ്ങളില്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ തന്നെയാണ് ഒപ്പം നിയോഗിക്കുന്നത്. എന്നാൽ, കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്കുവേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്.