പ്രതീകാത്മക ചിത്രം Source: Freepik
KERALA

കടിയേറ്റ് കേരളം! പേവിഷബാധ പ്രതിരോധത്തിൽ സർക്കാർ സംവിധാനം പാളുന്നു; ഈ വര്‍ഷം ഇതുവരെ 16 മരണം

എബിസി പദ്ധതി പാളുന്നതും തെരുവുനായ നിയന്ത്രണത്തിന് കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ കർശന വ്യവസ്ഥകളും തെരുവുനായ നിയന്ത്രണത്തിന് തടസമാണ്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണം ആശങ്കയാകുമ്പോൾ സർക്കാരിൻ്റെ സമഗ്ര പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം പാളിയെന്ന് കണക്കുകൾ. 2025 ജനുവരി മുതൽ ജൂൺ വരെ 16 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. എന്നാൽ 30 ശതമാനത്തിൽ താഴെ തെരുവുനായ്ക്കൾക്ക് മാത്രമാണ് ഇതുവരെ വാക്സിനെടുക്കാനായത്. എബിസി പദ്ധതി പാളുന്നതും തെരുവുനായ നിയന്ത്രണത്തിന് കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ കർശന വ്യവസ്ഥകളും തെരുവുനായ നിയന്ത്രണത്തിന് തടസമാണ്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമായതോടെയാണ് സംസ്ഥാന സർക്കാർ സമഗ്ര പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചത്. സംസ്ഥാനത്തെ തെരുവുനായകൾക്കൊപ്പം വളർത്തുനായ്ക്കൾക്കും വാക്സിനേഷൻ നൽകുകയായിരുന്നു ലക്ഷ്യം. 2019-ലെ ലൈവ്സ്റ്റോക്ക് കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കളാണുള്ളത്. 2025 ആയതോടെ ഇത് പതിന്മടങ്ങ് വർധിച്ചു.

എന്നാൽ 2024-25 സാമ്പത്തിക വർഷം മാർച്ച് 31 വരെ സംസ്ഥാനത്ത് 88,744 തെരുവുനായ്ക്കൾക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുള്ളു. 70 ശതമാനം നായകൾക്കും കുത്തിവെപ്പ് നൽകിയാൽ പേവിഷബാധയുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് 30 ശതമാനത്തോളം തെരുവുനായകൾക്ക് മാത്രമാണ് കുത്തിവെപ്പ് നൽകിയത്. വളർത്തു നായ്ക്കളിൽ 40 ശതമാനത്തിൽ താഴെ മാത്രമാണ് കുത്തിവെയ്പ്പെടുത്തത്. നിലവിൽ വന്ധ്യംകരിക്കാൻ പിടികൂടുന്ന നായ്ക്കൾക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. ഇവയ്ക്കാകട്ടെ ബൂസ്റ്റർ ഡോസ് നൽകാനാകുന്നുമില്ല.

2025 ജനുവരി മുതൽ ജൂൺ വരെ 16 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. 2024ൽ 26 പേർക്കും 2023ൽ 25 പേർക്കും ജീവൻ നഷ്ടമായി. 2024ൽ സംസ്ഥാനത്ത് 3.16 ലക്ഷം പേർക്കാണ് നായയുടെ കടിയേറ്റത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ - 50,870. കുറവ് വയനാട്ടിലും. 5,719 പേർക്ക് വയനാട്ടിൽ കടിയേറ്റു.

തെരുവുനായ നിയന്ത്രണത്തിൽ പ്രായോഗിക തടസങ്ങൾക്ക് കാരണം കേന്ദ്ര സർ‍ക്കാരിനു കീഴിലുള്ള ജന്തുക്ഷേമ ബോർഡിന്റെ (എഡബ്ല്യുബിഐ) കർശന വ്യവസ്ഥകളും പ്രാദേശിക എതിർപ്പുകളുമാണെന്നും ആരോപണമുണ്ട്. ബോർഡിന്റെ പല മാർഗനിർദേശങ്ങളും കേരളത്തിലെ സാഹചര്യത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നാണ് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നത്.

കോടികൾ ചെലവഴിക്കുന്ന അനിമൽ ബർത് കൺട്രോൾ പദ്ധതി പാളുന്നതും തെരുവുനായ നിയന്ത്രണത്തിന് തടസമാണ്. സഞ്ചരിക്കുന്ന എബിസി സെന്റർ, തെരുവിൽ പരിക്കേറ്റ നായ്ക്കളെ പാർപ്പിക്കാൻ പ്രത്യേക കേന്ദ്രം, ഡോഗ് കൺട്രോൾ സെൽ എന്നിവയൊന്നും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും സാധ്യമായില്ല. പട്ടി പിടിത്തക്കാരുടെ അഭാവം, എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലെ പ്രാദേശിക എതിർപ്പ് എന്നിവ കൂടിയാകുമ്പോൾ തെരുവുനായ നിയന്ത്രണത്തിന് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ.

SCROLL FOR NEXT