Source: ഫയൽ
KERALA

അമിത ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറം; ബിഎൽഒയുടെ മരണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

വോട്ടർമാരുടെ സഹകരണമില്ലായ്മ , ഫോ പൂരിപ്പിച്ച് നൽകുന്നതിലെ കാലതാമസം , എസ് ഐ ആറിനോടുള്ള വിയോജിപ്പ് അടക്കം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ് .

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ജോലി സമ്മർദ്ദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം . അമിത ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്നും ബി എൽ ഒമാരുടെ ജോയിന്റ് കൌൺസിൽ വ്യക്തമാക്കി . സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു . എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കെപിസിസിയും .

ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് എസ് ഐ ആർ നടപടികൾക്കെതിരെ സംസ്ഥാനത്ത് ഉയരുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കപ്പെട്ട് വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നത് അമിത ജോലി ഭാരത്തിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം . തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നടപടികൾ മാറ്റിവെക്കണമെന്നാണ് ബിഎൽഒമാരുടെ ജോയിന്റ് കൌൺസിൽ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം . അനീഷിന്റെ മരണത്തിന് കാരണം അമിത ജോലി ഭാരമല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് തള്ളുകയാണ് ബിഎൽഒമാരുടെ കൂട്ടായ്മ . മരണത്തിന് ഉത്തരവാദി കണ്ണൂർ ജില്ലാ കളക്ടർ ആണെന്നാണ് ആരോപണം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം . വോട്ടർമാരുടെ സഹകരണമില്ലായ്മ , ഫോ പൂരിപ്പിച്ച് നൽകുന്നതിലെ കാലതാമസം , എസ് ഐ ആറിനോടുള്ള വിയോജിപ്പ് അടക്കം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ് . നിലവിൽ മൂന്ന് ചുമതലകളാണ് റവന്യൂ ജീവനക്കാർക്കുള്ളത് . എന്യുമറേഷൻ ഫോം അച്ചടിച്ച് നൽകുന്നതിൽ കമ്മീഷനുണ്ടായ വീഴ്ച മറയ്ക്കാനാണ് സമ്മർദ്ദം ചെലുത്തുന്നതെന്നും ആരോപണം ഉണ്ട് . അനീഷിന്റെ മരണം രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ജോയിന്റ് കൌൺസിൽ ആവശ്യപ്പെട്ടു

എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റുകളിൽ ജീവനക്കാർ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ ബിഎൽഒമാർക്ക് ജോലി ഭാരമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. അതിനിടെ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ ബിഎൽഒയ്ക്ക് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി . ഏൽപ്പിച്ച ജോലി ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്തെന്ന് നോട്ടീസിൽ പറയുന്നു. ബിഎൽഒമാരുടെ പ്രതിഷേധത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു . എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗിന് പിന്നാലെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിക്കും.

SCROLL FOR NEXT