കോഴിക്കാട്: താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ സമരം പുനഃരാരംഭിക്കാൻ സമരസമിതി. പ്ലാൻിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തി ജനാധിപത്യ രീതിയിൽ സമരം തുടരും. പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി പറയുന്നു.
ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു. കളക്ടർ ഇതിനുമുൻപും പല വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ ഒന്നും നടപ്പാക്കിയിട്ടില്ല. അതിനാൽ ഇരകളെ അണിനിരത്തി സമരം പുനരാരംഭിക്കാനാണ് തീരുമാനമെന്ന് ബാബു കുടുക്കിൽ വ്യക്തമാക്കി.
അതേസമയം താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റെ പ്രവര്‍ത്തനം പുനരാരംഭിക്കാൻ കർശന ഉപാധികളോടെ അനുമതി നൽകിയിരിക്കുകയാണ്. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഎല്‍എഫ്എംസി)യുടേതാണ് തീരുമാനം. ഉപാധികളിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മുന്നറിയിപ്പ്.
കർശന ഉപാധികളാണ് അധികൃതർ ഫാക്ടറിക്ക് നൽകിയിരിക്കുന്നത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം, ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം,പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നൽകിയത്.