ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ Source: News Malayalam 24x7
KERALA

"ബിജെപി കിച്ചൻ ക്യാബിനറ്റായി മാറി"; രാജീവ് ചന്ദ്രശേഖറിനെതിരെ കോർ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം

ഹിന്ദുത്വയാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്ന് മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോർ കമ്മിറ്റിയില്‍

Author : ന്യൂസ് ഡെസ്ക്

ബിജെപിയിൽ ഉൾപാർട്ടി കലഹം പുകയുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. എല്ലാത്തിനേയും കച്ചവട കണ്ണുകൊണ്ട് കാണുന്നത് പാർട്ടിയെ തകർക്കും. ഹിന്ദുത്വയാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്ന് മറക്കരുതെന്നും മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോർ കമ്മിറ്റിയില്‍ പറഞ്ഞു.

നേതൃത്വത്തിനെതിരെ മുരളീധര പക്ഷവും രൂക്ഷ വിമർശനമാണ് കോർ കമ്മറ്റിയില്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അധ്യക്ഷൻമാരെ മാത്രം വിളിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് സി. കൃഷ്ണകുമാർ ചോദിച്ചു. സംസ്ഥാന നേതൃയോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻമാരെ വിളിക്കുന്നതാണ് കീഴ്വഴക്കം. ചിലരെ മാത്രം ഒഴിവാക്കുന്നത് പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും. ഇപ്പോൾ നടക്കുന്നത് പാർട്ടിയുടെ സിസ്റ്റത്തിനെതിരെയുള്ള കാര്യങ്ങൾ. ഇപ്പോൾ പല യോഗങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ ആണെന്നും നേതാക്കള്‍ പറഞ്ഞു.

പ്രസിഡന്റിനേക്കാൾ വലിയ സൂപ്പർ പ്രസിഡന്റായി എം.ടി. രമേശ് മാറുന്നുവെന്ന് പി. സുധീർ ആരോപിച്ചു. അമിത്ഷാ തിരുവനന്തപുരത്ത് വരുന്ന കാര്യം എം.ടി. രമേശ് നേതൃയോഗത്തിൽ പ്രസംഗിക്കുമ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് സുധീർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് സംഘടനാ കാര്യങ്ങൾ തീരുമാനിക്കാൻ ആര് അധികാരം നൽകിയെന്നും ചോദ്യം ഉയർന്നു. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പി.കെ. കൃഷ്ണദാസ് വിഭാഗത്തിൻ്റെ നേതാവായി മാറി. പാർട്ടി കിച്ചൻ ക്യാബിനറ്റായി മാറി. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ അറിയാത്തവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ജില്ല പ്രസിഡൻ്റുമാരെ സംസ്ഥാന പ്രസിഡൻ്റ് പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല. 14 ജില്ലാ ഇൻചാർജുമാരിൽ 12 പേരും പി.കെ. കൃഷ്ണദാസ് വിഭാഗത്തിലുള്ളവരാണ്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനമുണ്ടായി.

മുരളീധരനെയും സുരേന്ദ്രനെയും അപമാനിക്കാൻ ശ്രമം നടക്കുന്നതായി ഒരു വിഭാഗം ആരോപിച്ചു. നിർണായക യോഗത്തിൽ രണ്ട് മാസം മുൻപ് വരെ പാർട്ടിയെ നയിച്ച സുരേന്ദ്രനെ മാറ്റി നിർത്തിയത് ആരുടെ താല്‍പ്പര്യമെന്നു കൃഷ്ണകുമാർ ചോദിച്ചു. സംഘടനയെ ബൂത്തു തലത്തിൽ ശക്തമാക്കിയ പ്രസിഡന്റ് ആയിരുന്ന മുരളീധരനെ യോഗത്തിൽ വിളിക്കാതിരുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും കൃഷ്ണകുമാർ യോഗത്തില്‍ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ. സുരേന്ദ്രന്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ബിജെപിക്ക് കിട്ടേണ്ട ഭൂരിപക്ഷ സമുദായ വോട്ടുകൾ എല്‍ഡിഎഫിലേക്ക് പോയി. ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ക്രിസ്ത്യൻ നേതാക്കളെ കളത്തിലിറക്കിയ തന്ത്രം പാളിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നിലമ്പൂരിൽ കൃഷ്ണകുമാറിനെയും സുധീറിനെയും പൂർണമായും മാറ്റി നിർത്തിയത് ശരിയായില്ലെന്ന് മുരളീധരനും സുരേന്ദ്രനും ആരോപിച്ചു.

പാർട്ടിക്കാര്യം പുറത്തു പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി.കെ. കൃഷ്ണദാസ് വിഭാഗം അധ്യക്ഷനെ സംരക്ഷിച്ചത്. മീറ്റിങ്ങിൽ പ്രധാന നേതാക്കൾ ഇല്ലാത്ത വാർത്ത പുറത്തുപോയത് യോഗത്തിൽ പങ്കെടുത്തവരിൽ നിന്നെന്നു മുരളീധര പക്ഷം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലക്കാരെ മാത്രമാണ് യോഗത്തിലേക്ക് വിളിച്ചത്. വി. മുരളീധരനും കെ. സുരേന്ദ്രനും വലിയ ജോലികൾ വേറെ ഉണ്ടെന്നു രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മീറ്റിങ്ങിലും എല്ലാവരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും നേതൃത്വം.

കേരളത്തിൽ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് നേതൃത്വത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ വിമത സ്വരങ്ങള്‍ ഉയരുന്നതിന്റെ സൂചനയാണ് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗം നല്‍കുന്നത്. ആരെയും മാറ്റിനിർത്തില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡൻ്റിൻ്റെ മൗനാനുവാദത്തോടെ മുരളീധര-സുരേന്ദ്ര വിഭാഗങ്ങള്‍ വെട്ടിനിരത്തുന്നുവെന്നാണ് പരാതി. കോർപ്പറേറ്റ് രീതിയിൽ ഇൻ്റർവ്യൂ നടത്തി മോർച്ചാ ഭാരവാഹികളെ തീരുമാനിക്കുമ്പോൾ പോലും മികച്ച രീതിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കിയെന്നതടക്കമാണ് നേതാക്കളുടെ വിമർശനത്തിന് കാരണമായത്.

SCROLL FOR NEXT