കോതമംഗലം: കോതമംഗലം-നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിൻ്റെ ഹോസ്റ്റലിന്നുള്ളിൽ വിദ്യാർഥിനി ജീവനൊടുക്കി. ബിബിഎ ഒന്നാം വർഷ വിദ്യാർഥിനിയായ നന്ദന ഹരി എന്ന 19 കാരിയാണ് മരിച്ചത്.
സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരിക്കുകയായിരുന്ന സമയത്തായിരുന്നു സംഭവം.പ്രഭാത ഭക്ഷണം കഴിക്കാനായി അടുത്ത മുറിയിലെ സുഹൃത്ത് വാതിലിൽ തട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നന്ദനയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.