തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ പാടത്തെ സ്റ്റേ വയറിൽ നിന്ന് 13 വയസുകാരനായ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മന്ത്രി കെ.എസ്.ഇ.ബിയോട് നിർദേശിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ അനാസ്ഥയിൽ പൊലിഞ്ഞത് പതിമൂന്നുകാരൻ്റെ ജീവനാണ്. തിരൂരങ്ങാടി സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വച്ചായിരുന്നു അപകടം. അപകട സാധ്യത ശ്രദ്ധയിൽപ്പെടുത്തിയിട്ടും കെഎസ്ഇബി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.
ജുനൈദ് ഷോക്കേറ്റ് മരിച്ചതിൽ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വൈദ്യുതിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. വീടിന് സമീപത്തെ വയലിലാണ് ജുനൈദിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. വീടിന് സമീപത്തെ വയലിൻ്റെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ട ഉടൻ തന്നെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. സ്ഥലത്ത് എത്തിയ നാട്ടുകാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തമ്മിൽ വലിയ തർക്കമുണ്ടായി. സംഭവമറിഞ്ഞ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അനുശോചനം അറിയിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു വസ്തുതാ റിപ്പോർട്ട് നൽകുന്നതിനായി തിരൂരങ്ങാടി ഡെപ്യൂട്ടി സി.ഇയോട് മന്ത്രി ആവശ്യപ്പെട്ടു.