തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർഥി സിയ ഫാത്തിമ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അതിന് അവസരം ഒരുക്കി തന്നതിലും സന്തോഷമുണ്ടെന്ന് സിയ ഫാത്തിമ പറഞ്ഞു. അസുഖം കാരണം മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടായിരുന്നുവെന്നും അങ്ങനെയാണ് വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെട്ടതെന്നും സിയയുടെ പിതാവും പറഞ്ഞു. വാസ്കുലൈറ്റിസ് രോഗ ബാധിതയായ സിയ അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ വീട്ടിലിരുന്നാണ് മത്സരിച്ചത്. കലോത്സവ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു മത്സരത്തിൽ വിദ്യാർഥി വീട്ടിലിരുന്ന് പങ്കെടുക്കുന്നത്.
സിയയുടെ മത്സരത്തിലൂടെ പുതിയ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. സിസ ഫാത്തിമയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മത്സരത്തിൽ പങ്കെടുക്കുക എന്നത്. അത് ഒരു പ്രത്യേക ഉത്തരവിലൂടെയണ് നടപ്പിലാക്കിയത്. ഇതിലൂടെ 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രം സൃഷ്ടിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടിയുടെ നിസഹായവസ്ഥ മനസിലാക്കിയ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും സ്നേഹപൂർവം നന്ദി പറയുകയാണ് എന്ന് സിയയുടെ അധ്യാപകരും ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.
തൻ്റെ സങ്കടങ്ങൾ അറിയിച്ച് മന്ത്രി വി. ശിവൻകുട്ടിക്ക് സിയ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും സംഘാടക സമിതിയുടെയും പ്രത്യേക തീരുമാന പ്രകാരം വീഡിയോ കോൺഫറൻസ് വഴി കലോത്സവത്തിൽ മത്സരിക്കാനായുള്ള ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. അറബിക് പോസ്റ്റർ രചന മത്സരത്തിലാണ് സിയ പങ്കെടുത്തത്.